ഐസ്‌ലന്‍ഡെങ്ങാനും യൂറോ കപ്പ് ഫുട്‌ബോളില്‍ കപ്പെടുത്താല്‍ ലോകത്ത് എന്തൊക്കെ നടക്കും. പലതും സംഭവിച്ചേക്കും. ഐസ്‌ലന്‍ഡിനെ കൊച്ചാക്കി ലോകത്ത് പല തരത്തിലുള്ള പന്തയങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. യൂറോ കപ്പ് ഐസ്‌ലന്‍ഡ് നേടിയാല്‍ ആ രാജ്യത്തിനു ചുറ്റും നീന്തുമെന്നാണ് ഫ്രഞ്ച് നീന്തല്‍ താരം യാനിക് ആഗ്‌നല്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് ഐസ്‌ലഡിനു ചുറ്റും നീന്താമെന്ന് യാനിക് ആഗ്‌നല്‍ വ്യക്തമാക്കിയത്. ഏകദേശം 2008 കിലോ മീറ്റര്‍ വരുമിത്. ഫ്രാന്‍സിന്റെ ഒളിമ്പിക്‌സ് 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ചാമ്പ്യനാണ് ഈ വിരുതന്‍.
അതേസമയം യാനിക് ആഗ്‌നലിന് മറുപടിയുമായി ഐസ്‌ലന്‍ഡ് കോച്ച് രംഗത്തെത്തി. നീന്താന്‍ തയാറെടുത്തു കൊള്ളാനാണ് ഐസ്‌ലന്‍ഡ് കോച്ച് ലാര്‍സ് ലാഗര്‍ബാക്ക് യാനികിനെ അറിയിച്ചത്. നീന്തുമ്പോള്‍ നല്ല കാലാവസ്ഥയാണോ എന്നു മനസിലാക്കിയിരിക്കണമെന്ന് ഐസ്‌ലന്‍ഡ് അസിസ്റ്റന്റ് കോച്ച് ഹെയ്മര്‍ ഹാല്‍ഗ്രിംസണ്‍ യാനിക് ആഗ്‌നലിനെ ഉപദേശിച്ചു. മൂന്നേകാല്‍ ലക്ഷം മാത്രമാണ് ഐസ്‌ലന്‍ഡിലെ ജനസംഖ്യ. മൊത്തം ജനങ്ങളിലെ പത്ത് ശതമാനവും ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഫ്രാന്‍സിലുണ്ട്.
ഐസ്‌ലന്‍ഡുകാര്‍ യുറോ കപ്പടിച്ചാല്‍ ഈ ഫ്രഞ്ചുകാരന്‍ വെള്ളം കുടിച്ചു ചാകും, നീന്താന്‍ ഒരുങ്ങിക്കോയെന്ന് കോച്ചും!
