സെന്റ് ലൂസിയ: ലോക ട്വന്റി-20 കിരീടം സ്വന്തമാക്കാന്‍ മുന്‍നിരയില്‍ പൊരുതിയ വെസ്റ്റ്ഇന്‍ഡീസ് ടീം നായകന് അംഗീകാരമായി സ്വന്തം പേരില്‍ സ്റ്റേഡിയവും. സെന്റ് ലൂസിയയിലെ ബോസ്ജ്വര്‍ സ്‌റ്റേഡിയം ഇനി ഡാരന്‍ സമി ദേശീയ ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന പേരില്‍ അറിയപ്പെടും. വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ സെന്റ് ലൂസിയ പ്രധാനമന്ത്രി കെന്നി ഡി ആന്റണി സ്റ്റേഡിയത്തിന് സമിയുടെ നാമകരണം ചെയ്തു.
വിജയത്തിന് ചുക്കാന്‍ പിടിച്ച നായകന്‍ ഡാരന്‍ സമിയെയും ഒപ്പണര്‍മാരെയും, കാര്‍ലോസ് ബ്രാത്‌വെയ്റ്റിനെയും ക്രിക്കറ്റ് ബോര്‍ഡും പ്രധാനമന്ത്രിയും പ്രത്യേകം അഭിനന്ദിച്ചു. ഇംഗ്ലണ്ടിനെതിരായ വിജയത്തില്‍ അവസാന ഓവറില്‍ സിക്‌സറുകളുടെ പെരുമഴ പെയ്യിച്ച ബ്രാത്‌വെയ്റ്റിന്റെ പ്രകടനം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. എങ്ങനെ ഒരു മൈതാനത്തില്‍ താരങ്ങളാവാമെന്ന് വെസ്റ്റ്ഇന്‍ഡീസ് ചുണക്കുട്ടന്‍മാര്‍ നമുക്ക് കാട്ടിത്തന്നെന്നു വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡേവ് കാമറണ്‍ പറഞ്ഞു. കിരീട നേട്ടത്തിനു ശേഷം ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് ഡാരന്‍ സമി രംഗത്തെത്തിയിരുന്നു.