ഒന്നരകിലോ കഞ്ചാവുമായി മൂന്നുപേരെ എക്‌സൈസ് സംഘം പിടികൂടി; സംഘത്തലവന്‍ ഓടിരക്ഷപെട്ടു

klm-arrestmadhyamഅഞ്ചല്‍: ഒന്നരകിലോ കഞ്ചാവുമായി മൂന്നുപേരെ എക്‌സൈസ് സംഘം പിടികൂടി. സംഘത്തലവന്‍ എക്‌സൈസിന്റെ കണ്ണുവെട്ടിച്ച് ഓടിരക്ഷപെട്ടു. കരവാളൂര്‍ നിലാമുകള്‍ മടത്തുംകോണത്ത് ചരുവിളവീട്ടില്‍ മനോജ്(37), കരവാളൂര്‍ കാവാനംകോണം രമേശ് മന്ദിരത്തില്‍ രമേശന്‍(27), നെട്ടയത്തുകോണം കരിക്കത്തില്‍വീട്ടില്‍ അനില്‍കുമാര്‍(വാസു-43) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വില്പനയ്ക്ക് നേതൃത്വം നല്‍കിയ അടൂര്‍ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന സുനില്‍കുമാറാ(38)ണ് എക്‌സൈസിന്റെ കണ്ണുവെട്ടിച്ച് ഓടിരക്ഷപെട്ടത്.

ഇന്നലെ  മാവിള കനാല്‍ ജംഗ്ഷനില്‍ നിന്നും കോക്കാട്ടേയ്ക്കു പോകുന്ന റോഡില്‍ നിന്നാണ് മനോജിനേയും രമേശിനേയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരോടൊപ്പം കച്ചവടം നടത്തികൊണ്ടുനില്‍ക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപെട്ടത്. 300 ഗ്രാം കഞ്ചാവും കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന പള്‍സര്‍ ബൈക്കും ഇവരില്‍നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു.  കസ്റ്റഡിയിലെടുത്ത ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് അനില്‍കുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചത്.

തുടര്‍ന്ന് വൈകുന്നേരം 4.30-ഓടെ നെട്ടയംകോണത്തിനുസമീപത്തുനിന്നും കഞ്ചാവുമായി ഓട്ടോയിലെത്തിയ അനില്‍കുമാറിനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 1.3 കിലോ കഞ്ചാവും ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ക്ക് കഞ്ചാവ് ലഭിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മിതിച്ചിട്ടുണ്ട്. കരവാളൂരിലേയും സമീപ പ്രദേശങ്ങളിലയേും സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് ചെറുപൊതികളാക്കി വില്പന നടത്തിയിരുന്ന സംഘമാണ് അറസ്റ്റിലായത്. നിരവധി അന്യസംസ്ഥാന തൊഴിലാളികളും ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിച്ചിരുന്നു.

എക്‌സൈസ് സംഘത്തില്‍ നിന്നും രക്ഷപെട്ട സുനില്‍കുമാര്‍ നിരവധി കഞ്ചാവ് കേസില്‍ പ്രതിയാണ്.
ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള അന്വേഷണം എക്‌സൈസ് ഊര്‍ജിതമാക്കി.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ ശ്രീകുമാരന്‍ നായര്‍, വിഎ ഷാജഹാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, എസ് സുരേഷ്, സുജിത്ത്, സാബു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളായി രജിസ്റ്റര്‍ ചെയ്ത് അറസ്റ്റുചെയ്ത പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

Related posts