ബിജു ഇത്തിത്തറ
കടുത്തുരുത്തി: ലോക്ഡൗണിലെ വിരസത മാറ്റാൻ തുടങ്ങിയ കരകൗശല നിർമാണം വിശ്വനാഥൻപിള്ളയ്ക്ക് സമ്മാനിച്ചത് മികച്ച വരുമാന മാർഗം.
മുൻ പട്ടാളക്കാരനായ ആപ്പാഞ്ചിറ മാന്നാർ വാര്യത്ത് വീട്ടിൽ വിശ്വനാഥൻപിള്ളയാണ് സ്വകാര്യ സ്ഥാപനത്തിലെ ജോലി രാജി വച്ചു കരകൗശല നിർമാണ രംഗത്തേക്ക് ഇറങ്ങിയത്.
കായംകുളത്ത് സ്ഥിരതാമസമാക്കിയ ഇദേഹം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിന്റെ സൗകര്യത്തിനാണ് ആപ്പാഞ്ചിറയിലെ കുടുംബ വീട്ടിൽ സഹോദരൻ ബോസിനൊപ്പം താമസിച്ചിരുന്നത്.
ലോക്ഡൗണിനെ തുടർന്ന് ജോലിക്ക് പോകാനാവാതെ വീട്ടിൽ കഴിയുന്പോഴാണ് പറന്പിൽ വെട്ടിയിട്ടിരിക്കുന്ന തെങ്ങിന്റെ തടി ഇദേഹത്തിന്റെ ശ്രദ്ധയിൽപെടുന്നത്.
തെങ്ങിൻതടി, കൈ കൊണ്ട് ചെത്തി മിനുക്കി നേരം പോക്കിനായാണ് കരകൗശല പണികൾ ചെയ്തു തുടങ്ങിയത്. ഇത്തരത്തിൽ തെങ്ങിൻ തടി ചെത്തി മിനുക്കി ഒരു പറ രൂപപെടുത്തിയത് കണ്ടവരെല്ലാം ഇദേഹത്തെ പ്രോത്സാഹിപ്പിച്ചു.
ഇതേതുടർന്ന് പറ, ഇടങ്ങഴി, നാഴി, വിവിധ തരത്തിലുള്ള ഫ്ളവർ ബൈസ്, വാക്കിംഗ് സ്റ്റിക്ക്, ഉരൽ, ഉലക്ക തുടങ്ങിയ വീട്ടുപകരണങ്ങൾ ഉൾപെടെ തെങ്ങിൻ തടിയിൽ നിർമിച്ചു.
യന്ത്രങ്ങളുടെ സഹായമില്ലാതെ പരന്പരാഗത ഉപകരണങ്ങളുടെ സഹായത്താലാണ് വസ്തുക്കൾ നിർമിക്കുന്നത്. ഇദേഹം നിർമിച്ച വിവിധ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെ നല്ല വിലയും ലഭിച്ചു തുടങ്ങി.
ഒരു പറയും നാഴി, ഇടങ്ങഴി എന്നിവ ഒരു സെറ്റായി നൽകുന്പോൾ 4,500 രൂപ വരെ ലഭിച്ചതായി വിശ്വനാഥൻപിള്ള പറഞ്ഞു. പൊതുമാർക്കറ്റിൽ ഇവയ്ക്കു ഇതിൽ കൂടുതൽ വിലയുണ്ടെന്നും ഇദേഹം പറയുന്നു.
ഒരു മാസം ഇത്തരം ഒന്പത് സെറ്റുകൾ വരെ നിർമിക്കാനാവുന്നുണ്ടെന്നും ചിലവെല്ലാം കഴിഞ്ഞ് 30,000 രൂപയോളം വരുമാനം ലഭിച്ചതോടെ 15,000 രൂപ മാത്രം ലഭിച്ചിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജോലി വിശ്വനാഥൻപിള്ള ഉപേക്ഷിച്ചു.
2001-ൽ ഓപ്പറേഷൻ കമ്മ്യൂണിക്കേഷനിൽ സിഗ്നൽ വിഭാഗത്തിൽ ഹാവിൽദാറായി വിരമിച്ചയാളാണ് വിശ്വനാഥൻ പിള്ള.