കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലും തലശേരി മുനിസിപാലിറ്റിയിലും ഓട്ടോറിക്ഷകള്‍ക്ക് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കണമെന്നു ഹൈക്കോടതി ഉത്തരവ്. ഓട്ടോറിക്ഷകള്‍ക്കു മതിയായ സ്റ്റാന്‍ഡ് സൗകര്യം ഇല്ലാത്തതു മൂലം ഓട്ടോതൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (എച്ച്എംഎസ്) ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണു ജസ്റ്റീസ് ഷാജി പി. ചാലിയുടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പാര്‍ക്കിംഗ് സൗകര്യമില്ലാത്തതു കാരണം റോഡില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണ്. ഇത്തരം ഓട്ടോറിക്ഷകള്‍ക്കെതിരേ ട്രാഫിക് തടസം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് പോലീസ് കേസെടുത്തതും നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഓട്ടോറിക്ഷകള്‍ക്ക് ആര്‍ടിഒ പാര്‍ക്കിംഗ് പെര്‍മിറ്റ് നല്‍കുന്നതും ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് ചീഫ്, ആര്‍ടിഒ, കണ്ണൂര്‍-തലശേരി നഗരസഭാ സെക്രട്ടറിമാര്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, കമ്മീഷണര്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയായാരുന്നു എച്ച്എംഎസ് കോടതിയെ സമീപിച്ചത്.
ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതും അപേക്ഷ സ്വീകരിക്കേണ്ടതും മോട്ടോര്‍ വാഹന വകുപ്പാണെന്നിരിക്കെ കോര്‍പറേഷനാകുന്നുതിനു മുമ്പ് കണ്ണൂര്‍ മുനിസിപ്പിലാറ്റി അപേക്ഷ സ്വീകരിച്ചതും ഇതിനായി 100 രൂപ വീതം ഫീസ് ഈടാക്കിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂര്‍ മുനിസിപാലിറ്റിയുടേത് തെറ്റായ നടപടിയാണെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു. സംവരണവിഭാഗത്തിനായി എസ്എസി എസ്ടി 150 കെഎംസി നമ്പറുകള്‍ നീക്കിവച്ച കണ്ണൂര്‍ ആര്‍ടിഎ നടപടി നിയമവിരുദ്ധമാണെന്നും ഇതു റദ്ദു ചെയ്യുന്നുവെന്നും കോടതി ഉത്തരവായിട്ടുണ്ട്.
ഓട്ടോറിക്ഷകള്‍ക്കു നഗരസഭകളില്‍ പാര്‍ക്കിംഗ് പെര്‍മിറ്റ് നല്‍കുമ്പോള്‍ നഗരസഭയ്ക്കുള്ളില്‍ താമസിക്കുന്നവര്‍ക്ക് മാത്രം നല്‍കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ടിനു വിരുദ്ധമാണെന്നും മറ്റുള്ളവരുടെ അപേക്ഷയും ആര്‍ടിഒ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂണിയനു വേണ്ടി അഡ്വ. ജി.എസ്. കൃഷ്ണന്‍ കര്‍ത്ത, അഡ്വ. ലിജിന്‍ തമ്പാന്‍, അഡ്വ. എം. രതീഷ്കുമാര്‍ തുടങ്ങിയവര്‍ കോടതിയില്‍ ഹാജരായി.