തൃശൂര്‍: കാഴ്ചയുടെ ഉത്സവമായ ഓണത്തെ ഇത്തവണ കേട്ടാസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ആകാശവാണി. നിരവധി പ്രത്യേക പരിപാടികളാണ് അത്തം മുതല്‍ ചതയം വരെ കേള്‍വിയുടെ വിരൊന്നുരുക്കി ആകാശവാണി ശ്രോതാക്കളിലെത്തിക്കുന്നത്. കഥകള്‍, കവിയരങ്ങ്, ചലച്ചിത്രശബ്ദരേഖ, ഓണം ഓര്മ, അക്ഷരപ്പൂക്കളം തുടങ്ങിയ പരിപാടികള്‍ ഓണത്തിന് ആകാശവാണിയിലൂടെ കേള്‍ക്കാം. 13 വരെ എല്ലാ ദിവസവും രാത്രി 9.16ന് പ്രേക്ഷേപണം ചെയ്യുന്ന ഓണം കഥാവാരത്തില് ശിഹാബുദ്ധീന്‍ പൊയ്തുകടവ്, യു.കെ. കുമാര്‍ തുടങ്ങിയവരുടെ കഥകള്‍ ഉണ്ടായിരിക്കും.
16 വരെ ഉച്ചകഴിഞ്ഞ് നാലിന് മിലി, തേന്മാവിന് കൊമ്പത്ത്, മീശമാധവന്, ഒരു വടക്കന്‍ സെല്‍ഫി, ഹൗ ഓള്‍ഡ് ആര് യൂ തുടങ്ങിയ ചിത്രങ്ങളുടെ ശബ്ദരേഖ, ഉത്രാട ദിനത്തില്‍ രാത്രി 9.30ന് സുഭാഷ്ചന്ദ്രന് പങ്കെടുക്കുന്ന ഓര്‍മയിലെ ഓണം.തിരുവോണ ദിനത്തില്‍ രാവിലെ പത്തിന് എം.ടി. വാസുദേവന്‍ നായര്‍ പങ്കെടുക്കുന്ന പ്രത്യേക പരിപാടി.
അത്തം മുതല്‍ ചതയം വരെ ഉച്ചയ്ക്ക് ഒന്നിന് സംഗീതലോകത്തെ പ്രമുഖര്‍ ഇഷ്ടഗാനങ്ങള്‍ അവതരിപ്പിക്കുന്ന ആവണി പൊന്നൂഞ്ഞാല്, ചതയം ദിനത്തില്‍ രാവിലെ 11ന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍, രാത്രി 9.30ന് നാടകഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രത്യേക പരിപാടി- അരങ്ങുവാണ ഈണങ്ങള്‍ തുടങ്ങിയ പരിപാടികളാണ് അവതരിപ്പിക്കുന്നത്. ഏഴ് എഫ്എം നിലയങ്ങളിലൂടെയും മൂന്ന് മീഡിയ വേവ് നിലയങ്ങളിലൂടെയും ആകാശവാണി പരിപാടികള്‍ കേള്‍ക്കാം.