കൊച്ചി: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മുന്‍ ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പാര്‍ട്ടിയിലേക്കും യുഡിഎഫിലേക്കും മടങ്ങുമെന്ന് സൂചന. തിരിച്ചു വരുന്നതിനായി പാര്‍ട്ടി നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും കടുത്ത സമ്മര്‍ദം തന്റെ മേലുണ്ടെന്ന് അദ്ദേഹം രാഷ്ട്രദീപികയോടു പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ തന്നോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അവരുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധം മൂലം ഒരു മടങ്ങിപ്പോക്കിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്‍, മന്ത്രി അനൂപ് ജേക്കബ് ഇതുവരെ തന്നെ വിളിച്ചിട്ടില്ല. തന്റെ കൂടി വിയര്‍പ്പിന്റെയും ഫലമാണ് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം എന്ന് അദ്ദേഹം മറക്കരുത്. തിരികെ പോകാന്‍ ഉപാധികളൊന്നും വച്ചിട്ടില്ല. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും ആര്‍ക്കും രാജി കത്തൊന്നും നല്‍കിയിട്ടില്ല.
1993 ല്‍ താനും ടി.എം.ജേക്കബും ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടി തകരാതിരിക്കാനായി പാര്‍ട്ടിയിലെ നേതാക്കന്മാരും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി തന്നോട് മടങ്ങിവരാന്‍ ആവശ്യപ്പെടുകയാണ്. ഇത് തന്റെ മനസിനെ ഇളക്കിയിട്ടുണ്ട്. എന്നിരുന്നാലും യുഡിഎഫ് നേതൃത്വം തന്നോട് കാണിച്ച വഞ്ചനയാണ് തിരികെ പോകുന്നത് തടയുന്നത്. മൂവാറ്റുപുഴയില്‍ മത്സരിക്കുന്നതിന് കടുത്ത സമ്മര്‍ദമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തരൂര്‍ സീറ്റ് വേണ്ട എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. കഴിഞ്ഞതവണ എ.കെ. ബാലന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ് തരൂര്‍. ആ സീറ്റും കോണ്‍ഗ്രസിന് തന്നെ തിരികെ കൊടുക്കണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ യുഡിഎഫില്‍ സീറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികളുടെ സമ്മതപ്രകാരമായിരിക്കും സീറ്റ് ഏറ്റെടുത്തിരിക്കുന്നത്. അതിനാല്‍ തന്റെ അഭിപ്രായത്തിന് പ്രസക്തിയില്ല.
പനി ബാധിച്ചതിനാല്‍ വിശ്രമത്തിലാണ് അതിനാല്‍ ആള്‍ക്കാരെ കാണാനോ ചര്‍ച്ചകള്‍ നടത്താനോ സാധിച്ചിട്ടില്ല. ഇന്നു മുതല്‍ ചര്‍ച്ചകള്‍ നടത്തും. ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളും. നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ സ്ഥാനവും യുഡിഎഫ് ഉന്നതധികാര സമിതി അംഗത്വവും ജോണി നെല്ലൂര്‍ രാജിവച്ചിരുന്നു.
നിലപാടറിയിച്ചാല്‍ നെല്ലൂരുമായി ചര്‍ച്ച: അനൂപ് ജേക്കബ്
കൊച്ചി: മുന്‍ ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പാര്‍ട്ടിയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ നിലപാടറിയിച്ചാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി അനൂപ് ജേക്കബ്. അദ്ദേഹവുമായി നേരിട്ട് ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ല. പരോക്ഷമായി അദ്ദേഹം നിലപാടറിയിടച്ചിട്ടുണ്ട്. അദ്ദേഹം സ്വയം രാജിവച്ച് പോയതാണ്. തിരിച്ചുവരുന്നത് സംബന്ധിച്ചും തീരുമാനം അറിയിക്കേണ്ടത് അദ്ദേഹം തന്നെയാണ്. പാര്‍ട്ടി ചെയര്‍മാനായിരുന്ന അദ്ദേഹം തിരിച്ചുവന്നാല്‍ ഉചിതമായ സ്ഥാനം നല്‍കും. വീണ്ടും ചെയര്‍മാന്‍ ആക്കുമോ എന്നത് അദ്ദേഹം തിരികെ വന്നതിനുശേഷം പാര്‍ട്ടി ഉന്നതാധികാ സമിതി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.