കൊയിലാണ്ടി: രണ്ടേക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന ഔഷധസസ്യ തോട്ടത്തിന് വിദ്യാര്‍ഥികള്‍ ജൈവവേലിയൊരുക്കി. ചെങ്ങോട്ടുകാവ് ചേലിയ “അര്‍പ്പണം’ ചാരിറ്റബിള്‍ സൊസൈറ്റിയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തിയ വിവിധ ഔഷധസസ്യങ്ങള്‍ക്കാണ് കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജൈവവേലിയൊരുക്കിയത്.
ചേലിയ പ്രദേശത്തെ ഒരു കൂട്ടം പരിസ്ഥിതി സ്‌നേഹികളുടെ സൃഷ്ടിയാണ് ഔഷധത്തോട്ടം. നീല അമരി, ശിവ മൂലി, കഞ്ഞെണ്ണ, വള്ളിപ്പാല, വയല്‍ ചുള്ളി, മിത്തിള്‍, കേശവര്‍ദ്ധിനി, ചെറുവഴുതിന, ആടലോടകം, വാതം കൊല്ലി, പനി കൂര്‍ക്കല്‍ ഉള്‍പ്പെടെ നിരവധി ഔഷധസസ്യങ്ങളാണ് തോട്ടത്തിലുള്ളത്. ഇവിടെ നിന്നും നാട്ടുകാര്‍ക്ക് ഔഷധ സസ്യങ്ങള്‍ സൗജന്യമായി ശേഖരിക്കാം. ചെമ്പരത്തി കൊണ്ടാണ് ജൈവവേലി നിര്‍മ്മിച്ചത.് ഉദ്ഘാടനം എന്‍എസ്എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത് നിര്‍വ്വഹിച്ചു.
ഔഷധ സസ്യങ്ങളും സാമൂന്യജീവിതവും എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ സി. രാഘവന്‍ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ പി. വല്‍സല, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എ. സുബാഷ് കുമാര്‍, കെ.പി. അനില്‍കുമാര്‍,ഉണ്ണികൃഷ്ണന്‍ താഴെത്തൊടി, കൊണ്ടോത്ത് ദാമോദരന്‍,ശിവന്‍ കക്കട്ട്,ഉണ്ണികൃഷ്ണന്‍ ത്രിപുരി എന്നിവര്‍ പ്രസംഗിച്ചു. വളണ്ടിയര്‍മാരായ കെ. അമര്‍നാഥ്, മായാ പി.നായര്‍, സിദ്ധാര്‍ത്ഥ് സുധീര്‍ എന്നിവര്‍ജൈവവേലി നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.