കടലേറ്റം രൂക്ഷമായ ഏത്തായ് ബീച്ച് കല്ലുകെട്ടി സംരക്ഷിക്കുമെന്ന കളക്ടറുടെ ഉറപ്പ് നടപ്പായില്ല

tcr-beachഏങ്ങണ്ടിയൂര്‍: കടലേറ്റം രൂക്ഷമായ ഏത്തായി ബീച്ചില്‍ തകര്‍ന്ന അര കിലോമീറ്റര്‍ ദൂരം കല്ലുകെട്ടി സംരക്ഷിക്കുമെന്നു കളക്ടര്‍ പറഞ്ഞതും നടപ്പായില്ല. തിരയടിക്കുമ്പോള്‍ വീടുകള്‍ കുലുങ്ങുന്നു. ചുമരുകൡും തറകളിലും വിള്ളല്‍വീണു. തീരം കടലെടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മെയ് 18നു കളക്ടര്‍ ഏത്തായി ബീച്ചിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഒരുമാസമാകാറായിട്ടും അടിയന്തര നടപടികളൊന്നുമായില്ല. ദുരന്ത നിവാരണസമിതി അനങ്ങുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.

കളക്ടര്‍ക്കും സ്ഥലം എംഎല്‍എയും തഹസില്‍ദാരുമെല്ലാം വന്നുപോയിട്ടും തീരം സംരക്ഷിക്കാനുള്ള ആശ്വാസ നടപടികള്‍ എങ്ങുമെത്തിയില്ല. നമ്പി ഹരിദാസിന്റെ വീടിന്റെ പിന്‍വശമാണ് ആദ്യം തകര്‍ന്നത്. വില്ലേജ് അധികൃതരുടെ നിര്‍ദേശപ്രകാരം ഹരിദാസന്‍ വീട് പൊളിച്ചുമാറ്റി. കഴിഞ്ഞ ദിവസം വീടിന്റെ തറയും കടലെടുത്തിരുന്നു. കടയന്‍മാര്‍ രവിയുടെ വീട്ടിലേക്കാണ് ഹരിദാസും കുടുംബവും താല്‍ക്കാലികമായി താമസം മാറ്റിയത്. ചേറ്റുവ അഴിമുഖത്ത് പണിത പുലിമുട്ടാണ് കടല്‍ക്ഷോഭത്തിന്റെ തീവ്രത കൂട്ടുന്നത്.

ബീച്ചിലെ 12 വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. കഴഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ കടലേറ്റംമൂലം കടപുഴകിയത് 200-ലേറെ തെങ്ങുകളാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ ഈച്ചരന്‍ ചന്ദ്രന്‍, ഈച്ചരന്‍ ഊണ്ണികൃഷ്ണന്‍, ചാലില്‍ ഷാഹുല്‍ ഹമീദ് എന്നിവരുടെ വീടുകളും തറയും ചുമരുകളും വീണ്ടിരിക്കുകയാണ്.

Related posts