കണ്ടല്‍ കാടുകള്‍ നശീക്കുന്നു; തീരദേശ വനഗവേഷണകേന്ദ്രം വേണമെന്ന ആവശ്യം നടപ്പിലായില്ല

TCR-KANDAL-KADUപാവറട്ടി: ജില്ലയിലെ അപൂര്‍വയിനം കണ്ടല്‍കാടുകള്‍ നാശത്തിലേക്ക.് വികസനത്തിന്റേയും ടൂറിസത്തിന്റേയും പേരിലും സ്വകാര്യ കൈയേറ്റങ്ങളും മാലിന്യ നിക്ഷേപങ്ങളും മൂലമാണ് കണ്ടല്‍കാടുകള്‍ നശിക്കുന്നത്. പാവറട്ടി, ഒരുമനയൂര്‍, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തുകളുടെ തീരദേശ മേഖലയിലുള്ള കായലോരത്തും കൊച്ചുതുരുത്തുകളിലുമാണ് അപൂര്‍വയിനം കണ്ടലുകളുള്ളത്. ഏനാമാവ് പുഴ, കാളാനിപുഴ, പെരിങ്ങാട് പുഴ, കനോലി കനാല്‍, മറ്റു അനുബന്ധ ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ ജലസമ്പത്തിനും മത്സ്യവിഭവങ്ങള്‍ക്കും അടിസ്ഥാന ഘടകമാണ് കണ്ടല്‍ തുരുത്തുകള്‍.

സംസ്ഥാനത്തെ കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിനു തീരദേശ വനഗവേഷണകേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ നേച്വര്‍ എന്‍വയറോണ്‍മെന്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സൊസൈറ്റി സെക്രട്ടറി രവി പനയ്ക്കല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ബന്ധപ്പെട്ട അധികൃതരോടാവശ്യപ്പെട്ടിരുന്നു.     കണ്ടലുകളും ജൈവവൈവിധ്യങ്ങളും നശിപ്പിക്കുമ്പോള്‍ ഉടനെയെത്തി നടപടി എടുക്കുന്നതിനു തീരദേശ മേഖളകളില്‍ വനംവകുപ്പ് അധികൃതരുടെ സാന്നിധ്യം അത്യാവശ്യമാണ്. പാവറട്ടി പഞ്ചായത്തിലെ സര്‍വേനമ്പര്‍ 119ല്‍ രണ്ടിലുള്ള 234 ഏക്കര്‍ പുഴപുറമ്പോക്ക് ഭൂമി പ്രയോജനപ്പെടുത്തി പ്രകൃതി സൗഹൃദ ജില്ലയായ തൃശൂരില്‍ തീരദേശ വനഗവേഷണകേന്ദ്രം സ്ഥാപിക്കണമെന്നാണ് ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റേയും റവന്യു വകുപ്പിന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നിര്‍ദിഷ്ട പുഴപുറമ്പോക്ക് ഭൂമി റവന്യു വകുപ്പ് സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിച്ച് വനംവകുപ്പിനു കൈമാറേണ്ടതുണ്ട്. ഇത് ഇതുവരേയും നടന്നിട്ടില്ല. കണ്ടല്‍ സംരക്ഷണത്തിന്റെ ഭാഗമായി തീരദേശ വനഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനു സര്‍ക്കാരിന്റേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

Related posts