സ്വന്തം ലേഖകന്‍
തൃശൂര്‍: കസവുമുണ്ടും ചുറ്റി സ്വര്‍ണവര്‍ണത്തിലൊരു തലപ്പാവുമണിഞ്ഞ് കൈയിലൊരു ഓടക്കുഴലുമായി പോലീസ് അകമ്പടിയില്‍ രാജകീയമായിട്ടായിരുന്നു ആ കുട്ടികൃഷ്ണന്റെ വരവ്. പാറമേക്കാവ് പരിസരത്ത് പോലീസ് വാഹനത്തില്‍ വന്നിറങ്ങുമ്പോള്‍ മുഖത്ത് കാക്കിയുടെ അതേ ഗൗരവം. കാക്കിയിട്ടവരെ ചുറ്റും കണ്ടിട്ടും കൂസലില്ലാത്ത ഭാവവും. അമ്മ അരികില്‍നിന്നും മാറിയപ്പോള്‍ കണ്ണന്റെ മട്ടുംമാറി. നിമിഷനേരം കൊണ്ട് കലങ്ങിയ കണ്ണുമായി അമ്മൂമ്മയുടെ ഒക്കത്തിരുന്ന് കണ്ണന്‍ അമ്മയ്ക്കുനേരെ കൈനീട്ടിവിളിച്ചു. പിന്‍വിളിക്കു കാതോര്‍ക്കാതെ തലയിലെ തൊപ്പിയൂരി കൈയില്‍പിടിച്ച് അമ്മ നേരേ കൃത്യനിര്‍വഹണത്തിലേക്ക്.
ഒരു വയസുകാരന്‍ നിതിലനും നാലുവയസുകാരി വെണ്‍ബയും അമ്മൂമ്മമാരുടെ കൈപിടിച്ച് കൃഷ്ണനും രാധയുമായി നീങ്ങി. പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കുന്നതിനിടയിലും ആള്‍ക്കൂട്ടത്തില്‍ ലയിക്കുന്ന തന്റെ കണ്ണനെയും രാധയെയും വീക്ഷിച്ച് ജോലിത്തിരക്കുകളിലേക്ക് അമ്മയും മറഞ്ഞു. തൃശൂര്‍ റൂറല്‍ എസ്പി നിശാന്തിനി ഐപിഎസും മക്കളുമാണ് കുടുംബവുമായി ശോഭയാത്രയില്‍ പങ്കെടുക്കാന്‍ നഗരത്തിലെത്തിയത്. തൃശൂരിലെ ശോഭയാത്രയെ കുറിച്ചറിഞ്ഞ് സ്വദേശമായ തമിഴ്‌നാട്ടില്‍നിന്നുമാണ് ഐപിഎസ്-ഐഎഎസ് ദമ്പതികളായ നിശാന്തിനിയുടെയും രാജമാണിക്യത്തിന്റെയും “അമ്മമാര്‍’ എത്തിയത്. പേരക്കുട്ടികളെ കൃഷ്ണനും രാധയുമായി ശോഭയാത്രയില്‍ പങ്കെടുപ്പിക്കണമെന്ന അമ്മമാരുടെ ആഗ്രഹത്തിന് നിശാന്തിനിയും സല്യൂട്ട് വച്ചതോടെ “നടപടിക്രമങ്ങള്‍’ വേഗത്തിലായി.
മേയ്ക്കപ്പും കോസ്റ്റ്യൂംസും എല്ലാം എസ്പി അമ്മ വക. തിക്കും തിരക്കുമിട്ട് നിതിലനെയും വെണ്‍ബയെയും ഒരുവിധം അണിയിച്ചൊരുക്കിയെന്നു പറയുമ്പോള്‍ എസ്പിയുടെ മുഖത്ത് അമ്മമാരുടെ അതേ പെടാപ്പാട്.ആദ്യമായിട്ടാണ് ഒരു ആഘോഷത്തില്‍ മക്കള്‍ക്കൊപ്പം പങ്കുചേരുന്നത്. അതും തൃശൂരില്‍നിന്നു തുടങ്ങാനായതില്‍ ഏറെ സന്തോഷമെന്നു നിശാന്തിനി പറഞ്ഞു. “തമിഴ്‌നാട്ടിലുമുണ്ട് ശ്രീകൃഷ്ണജയന്തി ആഘോഷം. വെള്ളത്തില്‍ ചാലിച്ച അരിപ്പൊടിയില്‍ കുഞ്ഞു കണ്ണന്മാരുടെ കൈകാലുകള്‍ മുക്കി വീടിനുള്ളില്‍ നടത്തിക്കും. പുറത്തുപോകലൊന്നുമില്ല. ഇവിടെ അങ്ങനെയല്ലല്ലോ, ആഘോഷങ്ങളുടെ നാടല്ലേ. ഞാന്‍ തൃശൂരിന്റെ മകളും. എന്റെ ആദ്യ പോസ്റ്റിംഗ് ഇവിടെനിന്നാണ്. ഇവിടെ സിറ്റി കമ്മീഷണറായി. ഇപ്പോള്‍ ഇതാ റൂറല്‍ എസ്പിയുമായി’-നിശാന്തിനി ചിരിച്ചു. അമ്മ സുഭദ്രയ്ക്കും രാജമാണിക്യത്തിന്റെ അമ്മ പഞ്ചവര്‍ണത്തിനും ഒപ്പം വെണ്‍ബയും നിതിലനും തൃശൂരില്‍ ആഘോഷങ്ങളുടെ അരങ്ങേറ്റവും കുറിച്ചു.