കബാലിയെത്തി, ആഘോഷത്തിമിര്‍പ്പില്‍ രജനി ആരാധകര്‍; രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന

ekm-kabaliകൊച്ചി: ലോകമൊട്ടാകെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലി എത്തിയിരിക്കുന്നു. പതിവുപോലെ ആരവങ്ങളുമായി ആരാധകര്‍ ആദ്യ ഷോ മുതല്‍ തിയറ്ററുകളില്‍ ഇടിച്ചകയറി. എറണാകുളം നഗരത്തിലും പരിസരപ്രദേശത്തുമായി ഏകദേശം 15 ഓളം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പുലര്‍ച്ചെ ആരംഭിച്ച ചിത്രത്തിന്റെ പ്രദര്‍ശനത്തിന് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തിയറ്ററുകളും പരിസരങ്ങളും പോസ്റ്ററും കട്ടൗട്ടുകളും കൊണ്ട് നിറച്ചിരിക്കുകയാണ് രജനി ആരാധകര്‍. ആദ്യ പ്രദര്‍ശനത്തിനായി  അതിരാവിലെ തന്നെ തിയറ്റര്‍ പരിസരം നിറഞ്ഞുകവിഞ്ഞിരുന്നു.

കവിത, സരിത, സവിത, ഇടപ്പള്ളി ലുലുമാള്‍, ഒബ്‌റോണ്‍ മാള്‍, ശ്രീധര്‍ തുടങ്ങി കബാലി പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ആരാധകരുടെ തള്ളിക്കയറ്റമാണ് കാണാന്‍ സാധിച്ചത്. പടം കഴിഞ്ഞു പുറത്തുവന്ന ആളുകളുടെ മുഖത്തും സ്റ്റൈല്‍ മന്നന്‍ ചിത്രം കാണാന്‍ സാധിച്ചതിന്റെ സന്തോഷം നിറഞ്ഞിരുന്നു.  ലിംഗ, കൊച്ചടയാന്‍ തുടങ്ങിയ ആരാധകരെ നിരാശപ്പെടുത്തിയ ചിത്രങ്ങള്‍ക്കുശേഷം തിരിച്ചെത്തിയ രജനികാന്ത് സിനിമ കാണാന്‍ കഴിഞ്ഞ ദിവസം തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത കാത്തിരുന്നവരാണ് പുലര്‍ച്ചെ തന്നെ തീയറ്ററുകളിലെത്തിയത്. തിയറ്ററിലെത്തിയ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല എന്നു തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യവിവരങ്ങള്‍.

25 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി എത്തുന്ന കബാലി തന്റെ പ്രതികാരം തീര്‍ക്കുന്ന കഥയറിയാന്‍ ആരാധകര്‍ അക്ഷമരായാണ് ഇന്ന് പുലര്‍ച്ചെ വരെ കാത്തിരുന്നത്. തന്റെ കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരോട് കബാലി ക്ഷമിക്കുമോ അതോ പകരം ചോദിക്കുമോ എന്ന് കണ്ടറിയാനെത്തിയവര്‍ക്ക് നിരാശരാകേണ്ടി വന്നില്ല. എന്നാല്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സംവിധായകന്‍ കഥ അവസാനിപ്പിക്കുന്നത്. കബാലി രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന കൂടി നല്‍കിയാണ് സിനിമ അവസാനിക്കുന്നത്. എല്ലാം കൊണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ചിത്രം എത്തിയിരിക്കുന്നത്.

Related posts