കമലഹാസന്റെ പുതിയ ചിത്രത്തിന് പേരിട്ടു. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമിഴിലും തെലുങ്കിലും സബാഷ് നായിഡു എന്നാണ് പേര്. സബാഷ് ഗുണ്ഡു എന്നാണ് ഹിന്ദിയിലെ ടൈറ്റില്‍. ലോസ് ആഞ്ചലസില്‍ ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് നിര്‍മിക്കുന്നത്. ലൈക്കാ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണ പങ്കാളികള്‍.
ദശാവതാരത്തില്‍ കമലഹാസന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൊന്നായ ബലറാം നായിഡുവാണ്‌സബാഷ് നായിഡുവിലെ നായക കഥാപാത്രം. ഇതാദ്യമായി കമലഹാസനും മകള്‍ ശ്രുതി ഹാസനും ഒന്നിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെലുങ്ക് ഹാസ്യ നടന്‍ ബ്രഹ്മാനന്ദം,ഹിന്ദി താരം സൗരബ് ശുക്ല, രമ്യാ കൃഷ്ണന്‍, ഫരീദാ ജലാല്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഹോളിവുഡ് യുവനടന്‍ മനു നാരായണനാണ് ശ്രുതിയുടെ ജോടിയായി എത്തുന്നത്.മലയാളത്തില്‍ നിന്ന് സിദ്ദിഖും ചിത്രത്തിലുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം കമലും ഇളയരാജയും ഈ ചിത്രത്തില്‍ ഒന്നിക്കുന്നു. കഥയും തിരക്കഥയും കമലഹാസന്റേതാണ്.