കയ്പും മധുരവും! അച്ഛന്‍ നഷ്ടപ്പെട്ട തീരാദു:ഖത്തിലും കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മിക്ക് സിബിഎസ്‌സി പത്താം ക്ലാസ്സ് പരീക്ഷയില്‍ ഉന്നതവിജയം

MANIIIചാലക്കുടി: ഏറെ സ്‌നേഹിക്കുന്ന അച്ഛന്റെ ചിതയെരിഞ്ഞു തീരുംമുമ്പേ കണ്ണീരോടെ പരീക്ഷയെഴുതിയ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മിക്ക് സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ യില്‍ മിന്നുന്ന വിജയം. ചാലക്കുടി സിഎംഐ പബ്ലിക് സ്കൂ ള്‍ വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി 96 ശതമാനം മാര്‍ക്കോടുകൂടിയാണു വിജയിച്ചത്. നാല് എ- വണും ഒരു ബി-വണും ലഭിച്ചു.

ഉന്നത വിജയത്തിനും ശ്രീലക്ഷ്മിക്ക് ആഹ്ലാദമില്ല. തന്റെ വിജയം അച്ഛന്റെ ദീപ്തസ്മരണയില്‍ സമര്‍പ്പിച്ചുകൊണ്ട് ശ്രീലക്ഷ്മി വിങ്ങിക്കരഞ്ഞു. കലാഭവന്‍ മണിയുടെ മരണത്തിനുമുമ്പ് ഒരു പരീക്ഷ മാത്രമേ ശ്രീലക്ഷ്മി എഴുതിയിരുന്നുള്ളൂ. മണിയുടെ മൃതദേഹ സംസ്കാര കര്‍മ്മത്തിന്റെ പിറ്റേദിവസം മുതല്‍ ദു:ഖം കടിച്ചമര്‍ത്തിക്കൊണ്ടാണ് ശ്രീലക്ഷ്മി പരീക്ഷകള്‍ എഴുതിയത്. ചോദ്യക്കടലാസുകള്‍ ലഭിക്കുമ്പോള്‍ അച്ഛന്റെ മുഖമാണ് മനസില്‍ തെളിഞ്ഞിരുന്നത്. എന്നാല്‍, തന്നെ പഠിപ്പിച്ച് വലിയ ആളാക്കണമെന്ന അച്ഛന്റെ ആഗ്രഹം ഓര്‍മ്മിച്ചുകൊണ്ട് പരീക്ഷയെഴുതുകയായിരുന്നു. പരീക്ഷാഫലം അറിഞ്ഞ ഉടനെ മണിയുടെ സഹോദരന്‍ആര്‍. എല്‍.വി. രാമകൃഷ്ണന്‍ ചോക്ലേറ്റുമായെത്തി ശ്രീലക്ഷ്മിക്കു നല്‍കി. മണിയുടെ ഭാര്യ നിമ്മിയും മറ്റു ബന്ധുക്കളും ശ്രീലക്ഷ്മിയുടെ വിജയം കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു.

മണിയുടെ ഏക മകളായ ശ്രീലക്ഷ്മി കലാഭവന്‍ മണി അന്ധനായി അഭിനയിച്ച് ഏറെ പ്രശംസ പിടിച്ചുപറ്റിയ “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ റീലീസായ ഉടനെയാണു ജനിച്ചത്. കുഞ്ഞിനു സിനിമയിലെ കഥാപാത്രമായ ലക്ഷ്മിയുടെ പേരിടുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ശബരിമല അയ്യപ്പന്റെ പേരില്‍ ഇറക്കിയ സിഡി യില്‍ മണിയോടൊപ്പം ശ്രീലക്ഷ്മിയും പാടിയിട്ടുണ്ട്. സിഎംഐ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മുണ്ടന്‍മാണിയും അധ്യാപകരും സഹപാഠികളും ശ്രീലക്ഷ്മിയെ അനുമോദിച്ചു.

Related posts