പയ്യന്നൂര്‍: കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നിര്‍മിച്ച പാലം നോക്കുകുത്തിയാകുന്നു. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിന്റെയും കരിവെള്ളൂര്‍-പെരളം പഞ്ചായത്തിന്റെയും അതിര്‍ത്തി നിര്‍ണയിക്കുന്ന കിഴക്കേച്ചാല്‍ തോടിനാണു പാലം നിര്‍മിച്ചത്. എന്നാല്‍ ഇവിടെ പാലത്തെ ബന്ധിപ്പിക്കുന്നതിനായുള്ള റോഡ് നിര്‍മിച്ചിട്ടില്ല. പെരളം-കോട്ടക്കുന്ന് റോഡ് അവസാനിക്കുന്ന തോടിന് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും 32,50,000 രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.
എന്നാല്‍ തോടിനപ്പുറമുള്ള കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ തെക്കേ കൂവച്ചേരി ചോണോംകണ്ടം മുണ്ടോന്വയലിലൂടെ നിര്‍മിക്കേണ്ട 500 മീറ്ററോളം മാത്രം ദൈര്‍ഘ്യം വരുന്ന റോഡിന്റെ പ്രാഥമിക പ്രവൃത്തികള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിലൂടെ റോഡ് നിര്‍മിച്ചാല്‍ പ്രദേശത്തുകാര്‍ക്കു കാങ്കോലിലേക്കു എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഈ പ്രദേശത്തെ വയലുകളിലെ കൃഷിപ്പണികള്‍ക്കും വയലിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നതിനും കൊയ്തു കഴിഞ്ഞ് കറ്റകള്‍ തിരിച്ചുകൊണ്ടുപോകുന്നതിനും മറ്റു വഴികളില്ലാതെ വന്നപ്പോഴാണു റോഡ് വേണമെന്ന ആവശ്യം ശക്തമായത്.
വയലിലൂടെ റോഡ് നിര്‍മിക്കുന്നതിനായി 15 വര്‍ഷം മുമ്പേ സ്ഥലമുടകള്‍ അനുമതി പത്രവും ഒപ്പിട്ടു നല്‍കിയിരുന്നു. ജനകീയാവശ്യം കണക്കിലെടുത്ത് കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് മുന്‍കൈയെടുത്ത് തോട് വരെയുള്ള റോഡ് ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കിയിരുന്നു. അതിനുശേഷമാണ് ഏറെക്കാലത്തെ മുറവിളിക്കു ശേഷം തോടിനു പാലം നിര്‍മിച്ചത്. ഇത്രയൊക്കെയായിട്ടും പാലത്തിനെ ബന്ധിപ്പിക്കുന്നതിനു വയലിലൂടെയുള്ള റോഡായില്ല.