കരുണ്‍ കാത്തു!

sp-karunറായ്പൂര്‍: നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കൈപിടിച്ച് കരുണ്‍ നായര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിന് തോല്പിച്ച ഡല്‍ഹി പ്ലേ ഓഫ് സ്വപ്നങ്ങളുടെ ആയുസ് അവസാന മത്സരം വരെ നീട്ടി. അവസാന പന്തു വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിലായിരുന്നു ഡല്‍ഹിയുടെ ജയം. 59 പന്തില്‍ പുറത്താകാതെ 83 റണ്‍സെടുത്ത കരുണാണ് വിജയശില്പി. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഏഴിന് 158, ഡല്‍ഹി 20 ഓവറില്‍ നാലിന് 161.

പതിമൂന്ന് കളികള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹി 14 പോയിന്റുമായി ആറാമതാണ്. ഹൈദരാബാദ് ഒന്നാമതും. അടുത്ത കളിയില്‍ ജയിക്കുന്നതിനൊപ്പം മറ്റു ഘടകങ്ങള്‍ അനുകൂലമായാല്‍ മാത്രമേ ഡല്‍ഹിക്കു പ്ലേ ഓഫിലെത്താനാകൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്നെങ്കിലും ഹൈദരാബാദിനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്കിയത്. ആവശ്യമില്ലാതെ വിക്കറ്റ് കളഞ്ഞ് ശിഖര്‍ ധവാന്‍ (10) റണ്ണൗട്ടാകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 46 റണ്‍സ്. തൊട്ടുപിന്നാലെ ദീപക് ഹൂഡയും (ഒന്ന്), യുവരാജ് സിംഗും (10) കൂടാരം കയറിയതോടെ മൂന്നിന് 66 റണ്‍സിലേക്ക് ഹൈദരാബാദ് വഴുതിവീണു. മറ്റൊരു കങ്കാരുതാരം മോയിസ് ഹെന്‍റിക്വസിനെ കാഴ്ച്ചക്കാരനാക്കി വാര്‍ണര്‍ അടിച്ചുതകര്‍ത്തതോടെ ഹൈദരാബാദ് സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. എന്നാല്‍, 105ല്‍ നില്‍ക്കേ 18 റണ്‍സെടുത്ത ഹെന്‍റിക്വസിനെ ജെ.പി. ഡുമിനി പുറത്താക്കിയത് കളിയില്‍ വഴിത്തിരിവായി. പിന്നാലെ 56 പന്തില്‍ 73 റണ്‍സെടുത്ത വാര്‍ണറും മടങ്ങി. അതോടെ കൂറ്റന്‍ സ്‌കോറെന്ന സ്വപ്നവും വിഫലമായി.

ഫോമിലുള്ള ക്വന്റണ്‍ ഡികോക്കിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലാതെയായിരുന്നു ഡല്‍ഹിയുടെ മറുപടി. ബരീന്ദ്രന്‍ സ്രാനിന്റെ പന്തില്‍ വിക്കറ്റ്കീപ്പര്‍ നമന്‍ ഓജ പിടിച്ചാണ് ഡികോക്ക് പുറത്താകുന്നത്. പിന്നാലെയെത്തിയ കരുണ്‍ നായര്‍ ഉജ്വലഫോമിലായിരുന്നു. റിഷാബ് പന്തിനൊപ്പം കരുണ്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ ചെകുത്താന്മാരുടെ വഴിക്കു വന്നു. എന്നാല്‍, അവസാന ഓവറുകളില്‍ ഹൈദരാബാദ് പിടിമുറുക്കിയതോടെ കളി അവസാന ഓവറിലേക്കു നീങ്ങി. സ്‌ട്രൈക്ക് ബൗളര്‍ ആശിഷ് നെഹ്‌റയുടെ അഭാവം ഹൈദരാബാദ് നിരയില്‍ നിഴലിക്കുകയും ചെയ്തു.

സ്‌കോര്‍ബോര്‍ഡ്

ഹൈദരാബാദ് ബാറ്റിംഗ്- വാര്‍ണര്‍ സി മിശ്ര ബി ബ്രെയ്ത്‌വെയ്റ്റ് 73, ധവാന്‍ റണ്ണൗട്ട് 10, ഹൂഡ റണ്ണൗട്ട് ഒന്ന്, യുവരാജ് ബി ബ്രെയ്ത്‌വെയ്റ്റ് 10, ഹെന്‍റിക്വസ് സി നെഗി ബി ഡുമിനി 18, മോര്‍ഗന്‍ സി ബ്രെയ്ത്‌വെയ്റ്റ് ബി കള്‍ട്ടര്‍നെയ്ല്‍ 14, നമന്‍ ഓജ നോട്ടൗട്ട് 16, ഭുവനേശ്വര്‍ റണ്ണൗട്ട് 13 എക്‌സ്ട്രാസ് മൂന്ന് ആകെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 158

ബൗളിംഗ് സഹീര്‍ ഖാന്‍ 4-0-26-0, ജയന്ത് 4-0-37-0, കള്‍ട്ടര്‍നെയ്ല്‍ 4-0-36-1, ബ്രെയ്ത്‌വെയ്റ്റ് 4-0-27-2, മിശ്ര 3-0-21-0, ഡുമിനി 1-0-9-1

ഡല്‍ഹി ബാറ്റിംഗ് ഡികോക്ക് സി ഓജ ബി സ്രാന്‍ 2, റിഷാബ് പന്ത് റണ്ണൗട്ട് 32, കരുണ്‍ നായര്‍ നോട്ടൗട്ട് 83 ഡുമിനി സി വാര്‍ണര്‍ ബി സ്രാന്‍ 17 ബ്രെയ്ത്‌വെയ്റ്റ് സി സ്രാന്‍ ബി മുസ്താഫിസൂര്‍ 10 സഞ്ജു നോട്ടൗട്ട് 3, എക്‌സ്ട്രാസ് 14 ആകെ 20 ഓവറില്‍ നാലു വിക്കറ്റിന് 161

ബൗളിംഗ് ഭുവനേശ്വര്‍ 4-0-33-0, സ്രാന്‍ 4-0-34-2, റഹ്മാന്‍ 4-0-24-1, ഹെന്‍റിക്വസ് 2-0-18-0, ഹൂഡ 2-0-16-0, കരണ്‍ 3-0-25-0, യുവരാജ് 1-0-7-0

Related posts