അനീസ് കൊട്ടുകാട്
കരുനാഗപ്പള്ളി:2009 ലെ പുത്തന്‍തെരുവ് ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ നിന്നും ഇനിയും വിമുക്തമാകാത്ത നാടിനെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും ഗ്യാസ് ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടു. നിറയെ പാചകവാതകവുമായി വന്ന ടാങ്കറാണ് പുലര്‍ച്ചെ ദേശീയപാതയില്‍ ചങ്ങന്‍കുളങ്ങരയില്‍ വച്ച് മറിഞ്ഞത്. പുത്തന്‍തെരുവ് ഗ്യാസ് ടങ്കര്‍ ദുരന്തസ്ഥലത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് കഴക്കൂട്ടത്തെ ഭാരത് ഗ്യാസ് ഗോഡൗണിലേക്ക് പാചകവാതകവുമായി വന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. നിയന്ത്രണം വിട്ട് റോഡിന്റെ താഴ്ചയിലേക്കിറങ്ങിയ ടാങ്കര്‍ മറിയുകയായിരുന്നു. ടാങ്കര്‍ ലോറി ഡ്രൈവര്‍ പൂഞ്ഞാര്‍ സ്വദേശി അനീഷിനെ നിസാര പരിക്കുകളോടെ ഓച്ചിറയിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ടാങ്കറില്‍ നിന്നും ചോര്‍ച്ച ഒന്നും ഉണ്ടായിട്ടില്ല. അത് കാരണം അപകട സാധ്യതയില്ലെന്ന് ഫയര്‍ഫോഴ്‌സും പോലീസും അറിയിച്ചു. വാഹനങ്ങള്‍ പഴയ ദേശീയപാത വഴി തിരിച്ച് വിടുകയാണ്.. എന്നാല്‍ ജാഗ്രതയോടെ പോലീസും ഫയര്‍ഫോഴ്‌സും നിലകൊള്ളുന്നു. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. വിദഗ്ധരെത്തിയ ശേഷം മാത്രമേ ഗ്യാസ് ടാങ്കര്‍ മാറ്റാന്‍ കഴിയു.
ഫയര്‍ഫോഴ്‌സ് സംഘം പരിശോധന നടത്തി ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തി. കരുനാഗപ്പള്ളി സിഐ രാജപ്പന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. പരിസരവാസികള്‍ ആശങ്കപ്പെടേണ്ടതില്ലന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഗ്യാസ് ടാങ്കര്‍ ലോറി അപകത്തില്‍പ്പെട്ടവിവരം നാടിനെ ഏറെ നേരം പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. 2009 ഡിസംബര്‍ 31ന് ദേശീയപാതയില്‍ പുത്തന്‍തെരുവില്‍ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ പാചകവാതക ടാങ്കര്‍ ലോറി പൊട്ടിതെറിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരടക്കം 12 ജീവനുകളാണ് ഇവിടെ നഷ്ടമായത്.
കൂടാതെ നിരവധി വാഹനങ്ങളും കടകളും വീടുകളും കത്തിയമര്‍ന്നിരുന്നു. കരുനാഗപ്പള്ളി ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ശേഷം വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാരും കിളിയും വേണമെന്ന നിര്‍ദേശം ഉണ്ടായെങ്കിലും ഇനിയും പാലിക്കപ്പെട്ടിട്ടില്ല. കരുനാഗപ്പള്ളിയില്‍ അപകടത്തില്‍ പ്പെട്ട് ടാങ്കര്‍ ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപോയതാവാം അപകട കാരണമെന്ന് സംശയിക്കുന്നു.