കൊല്ലം : കലാഭവന്‍ മണിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് മണിയുടെ കുടുംബം അടിയുറച്ച് വിശ്വസിക്കുന്ന സാഹചര്യത്തില്‍ കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ പ്രസ്താവിച്ചു. പെരുമ്പാവൂരിലെ ജിഷയുടേതുള്‍പ്പെടെയുളള ദലിത് വിഭാഗത്തില്‍പ്പെട്ടവരുടെ കൊലപാതകങ്ങള്‍ തേച്ചുമായ്ച്ചുകളയാനാണ് സ്ഥാപിതതാല്‍പ്പര്യക്കാര്‍ തുടക്കം മുതലെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനു കുട പിടിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തിയെ മതിയാകൂ.
മണിയുടെ മരണം സംബന്ധിച്ച കാക്കനാട്ടെ സര്‍ക്കാര്‍ ലാബിലെ പരിശോധനാഫലം ഹൈദ്രാബാദിലെ ലാബിലെത്തുമ്പോള്‍ മാറിമറിയുന്നത് ദുരൂഹത സൃഷ്ടിച്ചിരിക്കുകയാണ്. ദക്ഷിണ ഇന്ത്യ കണ്ട ഏറ്റവും മികച്ച കലാകാരന്മാരിലൊരാളായ കലാഭവന്‍ മണിയുടെമരണം സ്ഥിരം മദ്യപാനം മൂലം വന്ന് ചേരുന്ന കരള്‍ രോഗം മൂലമാണെന്ന് വരുത്തിതീര്‍ക്കുന്നതിനുളള ശ്രമങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കലാഭവന്‍ മണിയുടെ സന്തതസഹചാരികളും മാനേജര്‍മാരുമൊക്കെയായി ഒപ്പം ഉണ്ടായിരുന്നവരെ വേണ്ടവിധത്തില്‍ ചോദ്യം ചെയ്തിരുന്നുവെങ്കില്‍ നിജസ്ഥിതി വെളിവാകുമായിരുന്നു. അതിനുളള ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും സര്‍ക്കാര്‍ കാട്ടണമെന്നും രാമഭദ്രന്‍ ആവശ്യപ്പെട്ടു.