തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ഡിജിപി ടി.പി.സെന്‍കുമാര്‍ ചാലക്കുടിയിലെത്തി. തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍.അജിത്കുമാര്‍, കേസിന്റെ അന്വേഷണചുമതലയുളള ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ, ഡിവൈഎസ്പി സുദര്‍ശന്‍ തുടങ്ങിയവരുമായി ഡിജിപി ചര്‍ച്ച നടത്തി.മണിയുടെ മരണവുമായി ബന്ധപ്പെട്ട് പലതലങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളുടെ പുരോഗതി ഡിജിപി ചോദിച്ചറിഞ്ഞ് വിലയിരുത്തി.
മരണത്തില്‍ സംശയിക്കുന്ന ക്രൈം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും ശാസ്ത്രീയപരിശോധനകളില്‍ ഊന്നിയുള്ള അന്വേഷണത്തോടൊപ്പം മറ്റു രീതിയിലുള്ള അന്വേഷണങ്ങളും നടക്കുന്നതായി ഡിജിപിയെ അന്വേഷണസംഘം അറിയിച്ചതായാണ് സൂചന.മണിയുടെ ബന്ധുക്കള്‍ക്ക് മരണത്തില്‍ ദുരൂഹതയുളളതായി ഉറച്ച വിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ വളരെ വ്യക്തമായും വിശദമായുമാണ് അന്വേഷണം നടക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ ഡിജിപിയെ ധരിപ്പിച്ചു. അന്വേഷണം തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥരുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപി അറിയിച്ചു.
ശാസ്ത്രീയ പരിശോധനകളും വിശകലനങ്ങളും ഇനിയും ഈ കേസില്‍ ആവശ്യമാണെന്നും അതിനാല്‍ ധൃതിപിടിച്ച് ഏതെങ്കിലും നിഗമനങ്ങളില്‍ എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിയുടെ മരണകാരണം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.ചാലക്കുടി ഡിവൈഎസ്പി ഓഫീസിലായിരുന്നു ഡിജിപിയും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച. തുടര്‍ന്നദ്ദേഹം മണിയുടെ ഔട്ട്ഹൗസായ പാഡി സന്ദര്‍ശിച്ചു
മണിയുടെ മരണം സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനങ്ങളും മണിയെ അവസാനമായി ചികിത്സിച്ച കൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയും തമ്മില്‍ വ്യത്യാസം വന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
മണിയുടെ സഹായികളെ കഴിഞ്ഞ ദിവസം പോലീസ് കാര്യമായ തെളിവുകളും വിവരങ്ങളും കിട്ടാത്തതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചിരുന്നു. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ നിന്നും മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കിട്ടിയാല്‍ മണിയുടെ ശരീരത്തില്‍ എത്രമാത്രം കീടനാശിനിയുണ്ടായിരുന്നു എന്നറിയാന്‍ പറ്റും.