പത്തനംതിട്ട: ചെറുപ്രായത്തില്‍ തന്നെ അഭിനയം അവസാനിപ്പിച്ചെങ്കിലും ഓമല്ലൂര്‍ ചെല്ലമ്മ രോഗശയ്യയിലാകുന്നതുവരെയും കലാലോകത്തായിരുന്നു. ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ചെല്ലമ്മ കലാലോകത്തെ ഏറെ സ്നേഹിച്ചു. തലമുറകളിലേക്ക് തന്റെ കാഴ്ചപ്പാടുകള്‍ കൈമാറി. മലയാള സിനിമയിലെ ആദ്യകാല നായികമാരിലൊരാള്‍ വിട പറയുമ്പോള്‍ ഓമല്ലൂരിലെ പുതുതലമുറയ്ക്ക് ചെല്ലമ്മയുടെ അഭിനയ മികവ് കേട്ടു കേഴ് വി മാത്രമാണ്.
മലയാള സിനിമയുടെ തറവാട്ടു കാരണവരായിരുന്ന തിക്കുറിശി സുകുമാരന്‍ നായരുടെ ചലച്ചിത്ര ലോകത്തെ ആദ്യ നായികമാരിലൊരാളാണ് ഓമല്ലൂര്‍ ചെല്ലമ്മ. ‘സ്ത്രീ’ എന്ന സിനിമയില്‍ 1950ല്‍ നായികവേഷത്തിലായിരുന്ന ചെല്ലമ്മയുടെ വരവ്. സ്ത്രീയില്‍ കവിയുടെ വേഷത്തിലായിരുന്നു തിക്കുറിശി. രാജനെന്നായിരുന്നു പേര്. കവിത എഴുതുമ്പോള്‍ കൈയില്‍തട്ടി ശല്യമുണ്ടാക്കുന്ന ‘സുഷമ’ എന്ന കഥാപാത്രത്തെയാണ് ചെല്ലമ്മ അവതരിപ്പിച്ചത്. ഉദയാ സ്റ്റുഡിയോയുടെ സെറ്റിനു മുകളില്‍ താഴേക്ക് ആടിപ്പാടി വരുന്നതാണ് ആദ്യരംഗം. ‘മാമക ജീവിത ലതികയില് വിലസും പൊന്മലരെന് മകളെ….’ എന്ന താരാട്ടുപാട്ട് സ്വയം പാടി അഭിനയിക്കുകയായിരുന്നു ചെല്ലമ്മ.
നാടകാഭിനയത്തിലൂടെയാണ് ചെല്ലമ്മ കലാലോകത്ത് എത്തിയത്. നാട്ടിലെ നാടകത്തിലൂടെയായിരുന്നു അഭിനയത്തുടക്കം. ഓമല്ലൂര്‍ വയല്‍വാണിഭത്തിനു സ്ത്രീസമാജക്കാര് അവതരിപ്പിച്ച ‘ബാലഗോപാലനിലെ’ ആദ്യ വേഷം ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ നാടകം കണ്ടവരെല്ലാം തന്റെ അഭിനയമികവിനെ അഭിനന്ദിച്ചത് ചെല്ലമ്മ പലപ്പോഴും സ്മരിച്ചിട്ടുണ്ട്. പ്രഫഷണല്‍ നാടകരംഗത്തേക്ക് എത്തപ്പെട്ടതും ഇതിലൂടെയാണ്.
ഓമല്ലൂര്‍ ചെല്ലമ്മയുടെ അഭിനയമികവറിഞ്ഞ് ചവറയില്‍ നിന്നും കോടമ്പള്ളി ഗോപാലപിള്ളയെന്ന നടനും നാടകസമിതി ഉടമ കോടാകുളങ്ങര വാസുപിള്ളയും തങ്ങളുടെ പുതിയ നാടകത്തിലേക്കു നായികയെത്തേടിയെത്തി. മുതുകുളം രാഘവന്‍പിള്ള രചിച്ച പ്രമദയില് നായിക ലക്ഷ്മിയുടെ വേഷമിട്ടു. മാസത്തില്‍ 25 വേദികളില്‍വരെ പ്രമദ കളിച്ചു. പാലായില്‍ മണര്‍കാട് പാപ്പന്റെ നാടക സമിതിയിലും ഓച്ചിറ പരബ്രഹ്്മോദയം നാടകസമിതിയുടെ നാടകത്തിലും നായികയായിരുന്നു.
വിവാഹത്തോടെ അഭിനയത്തോടു പറഞ്ഞത് 24 -ാം വയസിലാണ്. ഭര്‍ത്താവ് ഗോപിനാഥന് നായര്‍ക്ക് റെയില്‍വേയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്നു. അദ്ദേഹത്തോടൊപ്പം കോല്‍ക്കത്തയ്ക്കു പോയതോടെ നാട്ടിലെ അഭിനയമെല്ലാം നിര്‍ത്തി. കോല്ക്കത്തയിലെത്തിയപ്പോഴും ചെല്ലമ്മ ശ്രദ്ധിക്കപ്പെട്ടു. ദുര്‍ഗാപൂജാ സമയത്ത് കച്ചപ്പാറ റെയില്‍വേ കോളനിയിലെ ആഘോഷവേളയില്‍ ചെല്ലമ്മയുടെ പാട്ടുകള്‍ ബംഗാളികള്ക്കിടയില്പോലും ഏറെ സ്വീകാര്യമായി.
അനുസ്മരണം ഇന്ന്
ഓമല്ലൂര്‍: അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരവും നാടകപ്രവര്‍ത്തകയുമായ ഓമല്ലൂര്‍ ചെല്ലമ്മയോടുള്ള ആദരസൂചകമായി ഇന്ന് വൈകുന്നേരം അഞ്ചിന് ഓമല്ലൂര്‍ ചന്തയില്‍ ഓമല്ലൂര്‍ ഫിലിം സൊസൈറ്റിയും ജെസിഐ ഓമല്ലൂര്‍ ചാപ്റ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഓമല്ലൂര്‍ ചെല്ലമ്മ അനുസ്മരണം നടക്കും. ഇതോടനുബന്ധിച്ച് ഓമല്ലൂര്‍ ചെല്ലമ്മയുടെ ജീവിതത്തെ ആസ്പദമാക്കി മാധ്യമ പ്രവര്ത്തകന് പി. അയ്യപ്പദാസ് സംവിധാനം ചെയ്ത ‘മേഘം മൂടിയ താരകങ്ങള്‍’ എന്ന ഡോക്കുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടാകും.