കായംകുളത്തെ പരാജയം: ഉത്തരവാദിത്വം കോണ്‍ഗ്രസിന് മാത്രമെന്ന് കേരള കോണ്‍ഗ്രസ് എം

pkd-keralacongressകായംകുളം: കായംകുളം നിയോജക മണ്ഡ ത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എം. ലിജുവിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന് മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി. കോണ്‍ഗ്രസ് നേതാക്കള്‍ പലരും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതല്ലാതെ താഴേതട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുവാന്‍ താല്‍പര്യം കാണിച്ചില്ല. കഴിഞ്ഞ മുനിസിപ്പല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ പല ഉറച്ച വാര്‍ഡുകളിലും പരാജയപ്പെട്ട് മുനിസിപ്പല്‍-പഞ്ചായത്ത് ഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടും അസംബ്ലി തെരഞ്ഞെടുപ്പിന് ഇത് ആവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി കാണാത്തതും എന്‍ഡിഎ മുന്നണിയ്ക്ക് 20,000ല്‍പ്പരം വോട്ട് ലഭിക്കുവാന്‍ ഇടയായതും പരാജയത്തിന് കാരണമായതായി യോഗം വിലയിരുത്തി.

യുഡിഎഫിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് അസംബ്ലി തെരഞ്ഞെടുപ്പില്‍ കായംകുളത്ത് തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ ഏറ്റുവാങ്ങിയതിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് വലിയേട്ടന്‍ മനോഭാവം ഉപേക്ഷിച്ച് ഘടകകക്ഷികളുമായി പരമാവധി സഹകരിച്ച് താഴെതട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. സത്യന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ്‌ജോണ്‍, തോമസ് കൊപ്പാറ, ഷിജു വര്‍ഗ്ഗീസ്, കെ.എന്‍. ജയറാം, സൈമണ്‍ വര്‍ഗ്ഗീസ്, ബി. ബാബു, പത്തിയൂര്‍ ബിജു, ആര്‍. രഞ്ജീഷ്, കെ. രാധാകൃഷ്ണന്‍, ജോര്‍ജ്ജ് ഉമ്മന്‍, സി. രാജന്‍, കെ. ശശി എന്നിവര്‍ പ്രസംഗിച്ചു.

Related posts