മങ്കൊമ്പ്: സംസ്ഥാന ബജറ്റില്‍ കാവാലം പാലത്തിനു തുക വകയിരുത്താത്ത നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പമ്പയാറ്റില്‍ പ്രതീകാത്മക മനുഷ്യപ്പാലം തീര്‍ത്തു. തട്ടാശേരി ജങ്കാര്‍ കടവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ നടന്ന സമരം കാവാലം സെന്റ് തെരേസാസ് പള്ളി വികാരി ഫാ. എമ്മാനുവേല്‍ നെല്ലുവേലി ഉദ്ഘാടനം ചെയ്തു. ലൈഫ് ജാക്കറ്റുകളണിഞ്ഞ് ഏഴുവയസുകാരി മുതല്‍ 65 കാരന്‍വരെ സമരത്തില്‍ പങ്കാളികളായി. നാടിന്റ നാനാഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനാളുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പമ്പയാറിന്റെ ഇരുകരകളിലുമായി നിറഞ്ഞു.
സമരക്കാരും സമരത്തിനു സാക്ഷികളായവരും തങ്ങളെ നാളുകളായി അവഗണിക്കുന്ന ഭരണ, പ്രതിപക്ഷത്തിനെതിരേ മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. മുക്കാല്‍ മണിക്കൂറിലേറെ നീണ്ടുനിന്ന സമരത്തെത്തുടര്‍ന്ന് ജങ്കാര്‍, ജലഗതാഗത വകുപ്പ് സര്‍വീസുകളും തടസപ്പെട്ടു. ആഴമേറിയ ആറ്റില്‍ നടന്ന സമരമായതിനാല്‍ പോലീസും അഗ്നിശമനസേനയും സുരക്ഷാ സന്നാഹങ്ങളൊരുക്കി. ഇതോടനുബന്ധിച്ചു നടത്തിയ യോഗത്തില്‍ കാവാലം പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജ്യോതി ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.
ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കാവാലം അംബരന്‍ സമരഗീതം ആലപിച്ചു. കാവാലം സൂര്യ സെക്രട്ടറി ജി. ഹരികൃഷ്ന്‍, സിനുരാജ് കൈപ്പുഴ, ഗോപാലകൃഷ്ണ കുറുപ്പ്, എം.കെ. പുരുഷോത്തമന്‍, വിജു വിശ്വനാഥ്, പി.ബി. ദിലീപ്, കാവാലം ഗോപകുമാര്‍, ഗോപാലകൃഷ്ണന്‍, ജോസഫ് മൂലയില്‍, സി.ആര്‍. ശ്രീരാജ്, കെ. നടരാജന്‍, പി.ആര്‍. വിഷ്ണുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അടുത്ത സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ പാലത്തിനു പണം അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റവതരണത്തെ തുടര്‍ന്നാണ് കാവാലത്തു പ്രതിഷേധം ശക്തമായത്. ഈ വിഷയത്തില്‍ രാഷ്ട്രീയ, സാമുദായിക സംഘടനകളുടേതടക്കം അരഡസനോളം സമരങ്ങള്‍ കളിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ കാവാലത്ത് നടന്നു.
40വര്‍ഷം മുമ്പാരംഭിച്ച പള്ളിക്കൂട്ടുമ്മ-നീലംപേരൂര്‍ റോഡിന്റെ പൂര്‍ത്തീകരണത്തിന് അവശേഷിക്കുന്ന പാലത്തിനായി കാലങ്ങളായി ഓരോ ബജറ്റിലും കണ്ണുംനട്ടു കാത്തിരിക്കുകയായിരുന്നു നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, വെളിയനാട് പഞ്ചായത്തുകളിലെ ജനങ്ങള്‍. ആലപ്പുഴ നഗരത്തില്‍നിന്നും കോട്ടയത്തേക്കുള്ള ഹ്രസ്വപാതയായ നീലംപേരൂര്‍-പള്ളിക്കൂട്ടുമ്മ റോഡ് പൂര്‍ത്തിയായാല്‍ എസി റോഡില്‍നിന്നും എംസി റോഡിലെത്താന്‍ എട്ടുകിലോമീറ്റര്‍ ലാഭിക്കാവുന്നതാണ്.
ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ഇത് പരിഹാരവുമാകും. വിവിധ ഘട്ടങ്ങളിലായി റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ട് പത്തുവര്‍ഷത്തോളമായി. ഇതിനിടെ കൈനടിപാലവും പൂര്‍ത്തിയായിരുന്നു. മങ്കൊമ്പ് സിവില്‍സ്‌റ്റേഷന്‍ പാലത്തിനായി 2014ലെ ബജറ്റില്‍ പണമനുവദിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. ഹ്രസ്വപാത യാഥാര്‍ഥ്യമാകാന്‍ അവശേഷിക്കുന്നത് കാവാലത്തെ തട്ടാശേരിപ്പാലം മാത്രമായിരുന്നു. പാലത്തിനു തുകയനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലടക്കം വിവിധ സമുദായ, സന്നദ്ധസംഘടനകളും, ക്ലബ്ബുകളും നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
1977 ല്‍ ഈപ്പന്‍ കണ്ടക്കുടി എംഎല്‍എയായിരിക്കെയാണ് ഹ്രസ്വപാതയുടെ നിര്‍മാണം ആരംഭിക്കുന്നത്. എസി റോഡു മുതല്‍ പുളിങ്കുന്ന് ആറ്റുതീരം വരെയും കരിനാട്ടുവാല മുതല്‍ ഈര വരെയുമാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 1982ല്‍ ഡോ. കെ.സി. ജോസഫ് എംഎല്‍എയായിരിക്കെ പുളിങ്കുന്ന്-കാവാലം, കാവാലം-കൈനടി, കൈനടി-ഈര റോഡുകളുടെ നിര്‍മാണം ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
മനുഷ്യപ്പാലത്തില്‍ കണ്ണിയായി രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയും
കാവാലം: പമ്പയാറ്റില്‍ നാട്ടുകാര്‍ ഇന്നലെ പ്രതീകാത്മകമായി മനുഷ്യപ്പാലം തീര്‍ത്തപ്പോള്‍ ഏവരുടെയും ശ്രദ്ധ അതില്‍ കണ്ണിയായ രണ്ടാംക്ലാസ് വിദ്യാര്‍ഥിനി പാര്‍വതിയിലായിരുന്നു. കാവാലം അട്ടിച്ചിറയില്‍ വീട്ടില്‍ ബിജുനായര്‍-സന്ധ്യ ദമ്പതികളുടെ ഏകമകളായ ശ്രീപാര്‍വതിയാണ് നാടിന്റെ വികസനത്തിനായി മുതിര്‍ന്നവര്‍ക്കൊപ്പം സാഹസിക സമരത്തിനിറങ്ങിയത്. പിതാവ് ബിജുവിനൊപ്പം ലൈഫ് ജാക്കറ്റുമണിഞ്ഞ് നൂറു മീറ്ററോളം വീതിയും, മുപ്പതടിയോളം ആഴവുമുള്ള ആറ്റിലേക്കിറങ്ങുമ്പോള്‍ നീന്തലറിയാത്ത ശ്രീ ആദ്യമൊന്നു പകച്ചു.
പിന്നീട് ആറിനു കുറുകെ കെട്ടിയ വടത്തില്‍ പിടിച്ച് ആഴങ്ങളിലേക്ക് നീങ്ങി. കൈനടി എ.ജെ. ജോണ്‍ മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ഥിയായ പാര്‍വതിക്ക് സാഹസികതകള്‍ ഇഷ്ടമാണെന്നു പിതാവ് ബിജു പറയുന്നു. കാവാലം കോഇന്‍ചി അക്കാദമിയില്‍ തോമസ്‌പോളിന്റെ ശിഷ്യയായി മൂന്നു വര്‍ഷമായി കരാട്ടെ അഭ്യസിക്കുന്ന പാര്‍വതി ചിത്രരചന, നൃത്തം എന്നിവയും അഭ്യസിക്കുന്നു.