കാസ്‌ട്രോ ഇന്‍ കമാന്‍ഡ്! കാബിനറ്റ് റാങ്ക് സ്വീകരിക്കാന്‍ വിഎസിനു മേല്‍ സമ്മര്‍ദം; യെച്ചൂരി വിഎസിനെ ഫോണില്‍ വിളിച്ചു

vsഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വി.എസ്. അച്യുതാനന്ദന് മേല്‍ സമ്മര്‍ദം.  സര്‍ക്കാരിന് വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്ന തരത്തില്‍ വിഎസ് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി തന്നെ വി.എസിന് മുന്നില്‍ വച്ചത്. എന്നാല്‍ ഇതിനോട് വിഎസ് അനുകൂലമായ നിലപാട് അറിയിച്ചില്ല. കഴിഞ്ഞ ദിവസവും യെച്ചൂരി വിഎസിനെ ഫോണില്‍ വിളിച്ചു ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ഥിച്ചു.

ഇന്നത്തെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സീതാറം യെച്ചൂരിയും പ്രകാശ് കാരാട്ടും എത്തുന്നുണ്ട്. ഇവര്‍ വി.എസിനോട് ഇക്കാര്യം വീണ്ടും ആവശ്യപ്പെടുമെന്ന് അറിയുന്നു. വിഎസിനു മേല്‍ കടുത്ത സമ്മര്‍ദം തന്നെ പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകുന്നു. മുഖ്യമന്ത്രിസ്ഥാനം നല്‍കാതെ വിഎസിനെ ഒഴിവാക്കിയെന്ന പ്രതീതി ഇപ്പോള്‍ തന്നെ ചില കേന്ദ്രങ്ങളില്‍ ശക്തമായി ഉണ്ട്.

ഈ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനും വിഎസിനെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കിയെന്ന വിമര്‍ശനം തള്ളാനും വിഎസിനെ കൂടെ നിര്‍ത്തുക തന്നെ വേണമെന്ന അഭിപ്രായം പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് വി.എസാണ്. പദവി ഏറ്റെടുക്കുന്ന കാര്യത്തില്‍ അനുകൂലമായ നിലപാട് വിഎസ് അടുപ്പക്കാരോട് പോലും പറഞ്ഞിട്ടില്ല. എന്നാലും പാര്‍ട്ടിയില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടായാല്‍ വിഎസ് തന്റെ തീരുമാനം മാറ്റിയേക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ സുഗമാമായ പ്രവര്‍ത്തനത്തിന് വി.എസിനെ കൂടെ നിര്‍ത്തണമെന്നും അദ്ദേഹത്തിന്റെ അനുഭ സമ്പത്ത് പ്രയോചനപ്പെടുത്തണമെന്ന അഭിപ്രായമാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ക്കുമുള്ളത്. സര്‍ക്കാര്‍ അധികാര മേറ്റ ശേഷമായിരിക്കും വി.എസിന്റെ  പദവി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.  ഇന്നത്തെ സത്യ പ്രതിജ്ഞ ചടങ്ങില്‍ വിഎസ് പങ്കെടുക്കും. വിഎസിന്റെ കന്റോണ്‍മെന്റ് ഹൗസിലെത്തി പിണറായി വിജയന്‍ തന്നെ ക്ഷണിച്ചിരുന്നു.

Related posts