
മൂവാറ്റുപുഴ: പശുക്കളിൽ ചർമ മുഴ രോഗമുണ്ടാക്കുന്ന കാപ്രിപോക്സ് വൈറസ് ബാധ (ചർമമുഴരോഗം) കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നൽകുന്നതിനും ബോധവത്കരണം നടത്തുന്നതിനും വിദഗ്ധ സംഘത്തെ നിയമിക്കണമെന്ന് എൽദോ ഏബ്രഹാം എംഎൽഎ. മുഴുവൻ മൃഗങ്ങളിലും വാക്സിനേഷൻ നൽകുന്നതിന് നടപടി സ്വീകരിക്കാൻ വിഷയം മന്ത്രി കെ. രാജുവിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
ഇന്നലെ മൂവാറ്റുപുഴയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ കാപ്രിപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.
ലക്ഷണങ്ങൾ കണ്ടെത്തിയ പശുക്കൾക്ക് സൗജന്യ കാലിത്തീറ്റയും ധാതുലവണങ്ങളും നൽകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും എംഎൽഎ പറഞ്ഞു. എല്ലാ പഞ്ചായത്തിലും ക്ഷീര കർഷകർക്കായി ബോധവത്കരണ ക്ലാസ് നടത്തും.
കണ്ട്രോൾ റൂം തുറന്നു
മൂവാറ്റുപുഴ: കാപ്രിപോക്സ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി മൂവാറ്റുപുഴ താലൂക്ക് മൃഗാശുപത്രിയിൽ കണ്ട്രോൾ റൂം തുറന്നു. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോണ്: 0485 2833301, 9188511846.
പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ ഉന്നതതല യോഗം ചേർന്നു
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ ക്ഷീര കർഷകരെ ആശങ്കയിലാഴ്ത്തി കാപ്രിപോക്സ് വൈറസ് ബാധ പശുക്കളിൽ കണ്ടെത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് എൽദോ ഏബ്രഹാം എംഎൽഎയുടെ അധ്യക്ഷതയിൽ മൂവാറ്റുപുഴയിൽ ഉന്നതതല യോഗം നടന്നു.

മൂവാറ്റുപുഴ താലൂക്കിൽ മാറാടി പഞ്ചായത്തിലെ കായനാടും വാളകം പഞ്ചായത്തിലെ വാളകത്തും മണീടുമാണ് കാപ്രിപോക്സ് വൈറസ് ലക്ഷണങ്ങളുള്ള പശുക്കളെ കണ്ടെത്തിയത്. ഇതിൽ ഒരു പശുവിനാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടെ രോഗലക്ഷണങ്ങൾ കണ്ടെത്തിയ പല പശുക്കളുടെയും രോഗം മാറിയതായി ഡോക്ടർമാർ യോഗത്തിൽ പറഞ്ഞു.
വൈറസ് ബാധയുള്ള പശുക്കൾക്ക് യാഥാസമയം ചികിത്സ നൽകിയാൽ രോഗം ഭേദമാകുമെന്നും ക്ഷീരകർഷകർ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും യോഗം വിലയിരുത്തി. മൂവാറ്റുപുഴ താലൂക്കിൽ വാളകത്ത് 100, മാറാടി 80, മണീട് 375 മൃഗങ്ങളിൽ അടക്കം 555 മൃഗങ്ങളിൽ പ്രതിരോധ വാക്സിനേഷൻ നൽകി കഴിഞ്ഞു. 2500 ഡോസ് മരുന്നു മൂവാറ്റുപുഴ താലൂക്കിലേക്ക് എത്തിയിട്ടുണ്ട്.
ഇന്ന് മുതൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ പഞ്ചായത്തുകളിലും സമീപത്തെ പഞ്ചായത്തുകളിലും പ്രതിരോധ വാക്സിനേഷൻ നൽകും.
യോഗത്തിൽ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ, ബ്ലോക്ക് പഞ്ചായത്തംഗം ഒ.സി. ഏലിയാസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ലൈബി പോളിൻ, ഡെപ്യൂട്ടി ഡയറക്ടർ ബേബി ജോസഫ്, പ്രോജക്ട് ഓഫീസർ സന്തോഷ് കുമാർ, പിആർഒ റാണരാജ്, മൂവാറ്റുപുഴ കോ-ഓർഡിനേറ്റർ ഷമീം അബൂബക്കർ, മൃഗഡോക്ടർമാർ എന്നിവർ സംബന്ധിച്ചു.