കിളികൊല്ലൂരില്‍ ഓടയില്‍ വീണ് കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു

KLM-DRINAGEകൊല്ലം: കഴിഞ്ഞ ദിവസം ഓടയില്‍ വീണ് കാണാതായ യുവാവിനുവേണ്ടി തെരച്ചില്‍ തുടരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വടക്കേവിള പാലത്തറ കൂട്ടാവില്‍വീട്ടില്‍ കബീര്‍കുട്ടി യുടെ മകന്‍ ഷിജു (38) വിനെയാണ് കാണാതായത്. പാല്‍ക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശത്ത് കൊച്ചുകുളത്തിന് സമീപത്തെ ഓടയില്‍ ശനിയാഴ്ച രാത്രി ഏഴോടെയാണ് ഷിജു വീണത്. ബന്ധുവീട്ടില്‍ നോമ്പ് മുറിക്കാനെത്തിയതായിരുന്നു ഷിജു. കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഓടയിലേക്ക് ഷിജു കാല്‍ വഴുതി വീഴുകയായിരുന്നു.

കടപ്പാക്കട സ്‌റ്റേഷന്‍ ഓഫിസര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ആറുമുതല്‍ തെരച്ചില്‍നടത്തിയിരുന്നു. 400 മീറ്ററോളം ഭാഗത്തെ ഓടയ്ക്കുള്ളില്‍ കയറി പരിശോധന നടത്തി. മറ്റിടങ്ങളില്‍ സ്ലാബിട്ടിരിക്കുന്നതിനാലും വെള്ളം ഓടയ്ക്ക് മുകളില്‍ കൂടി ഒഴുകുന്നതിനാലും പരിശോധ നടത്താന്‍ കഴിഞ്ഞില്ല.

നല്ല ഒഴുക്കുള്ളതിനാല്‍ ഇവിടെ തങ്ങിനില്‍ക്കാനുള്ള സാധ്യതയില്ലെന്നാണ് ഫയര്‍ഫോഴ്‌സ് ഉ്‌ദ്യോഗസ്ഥര്‍ പറയുന്നു. ഈ ഓടയില്‍ നിന്നുള്ള ജലം നേരെ പാലക്കടവിന് സമീപം ആറ്റിലെത്തി അവിടെ നിന്നും അഷ്ടമുടിക്കായലിലാണ് പതിക്കുന്നത്. കായലിലേക്ക് ഒഴുകി പോകാനാണ് സാധ്യതയെന്നാണ് നിഗമനം. ഇന്നലെ രാത്രി ഏഴോടെ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് രാവിലെ എട്ടോടെ  കിളികൊല്ലൂര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ തെരച്ചില്‍ വീണ്ടും തുടങ്ങി.

Related posts