ചിറ്റൂര്‍: താലൂക്ക് ആശുപത്രി ശിശുരോഗ ചികിത്സാവിഭാഗം വാര്‍ഡില്‍ തകര്‍ന്ന മേല്‍ക്കൂരയിലൂടെ മഴവെള്ളം വാര്‍ഡിനുള്ളിലേക്ക്. ഇതോടെ ചികിത്സയ്ക്കെത്തുന്നവര്‍ ദുരിതത്തിലായി. മഴ പെയ്താല്‍ വാര്‍ഡിനകത്തും കുട നിര്വര്ത്തി നടക്കേണ്ട സാഹചര്യമാണ്. വാര്‍ഡിനകത്ത് കൊതുകുശല്യവും രൂക്ഷമായിരിക്കുകയാണ്. കട്ടിലിനുചുറ്റുംവടികെട്ടി കൊതുകുവലയിട്ടാണ് രോഗികളെ കൊതുകിന്റെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നത്.കൊതുകുതിരി വേറെയും വേണം. കുട്ടികളുടെ കൂടെ ഉള്ളവരുടെ കാര്യമാണ് ഏറെ സങ്കടകരം.
കൊതുകുശല്യം കാരണം ഉറങ്ങാനാകാതെ നേരം വെളുപ്പിക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. ജില്ലയില്‍ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലും ഇതുപോലൊരു അവസ്ഥ ഉണ്ടാകില്ലെന്നാണ് ഇവരുടെ വിലാപം. കുട്ടികളുടെ വാര്‍ഡിനു സമീപത്തായി പാഴ്ചെടികള്‍ വളര്‍ന്നു പന്തലിച്ചു നില്ക്കുന്നതും കൊതുകുശല്യംകൂടാന് കാരണമാണ്. മാസംതോറും ആശുപത്രി വികസന സമിതിയോഗം ചേരാറുണ്ടെങ്കിലും കുട്ടികളുടെ വാര്‍ഡിനകത്ത് ഗുരുതരാവസ്ഥ കണക്കിലെടുക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. വാര്‍ഡിനകത്തെ ദുരിതസാഹചര്യം കണക്കിലെടുത്ത് പല രക്ഷിതാക്കളും കുട്ടികളുടെ അസുഖംമാറുന്നതിനുമുമ്പേ ഡിസ്ചാര്‍ജ് വാങ്ങിപോകുന്ന സംഭവങ്ങളുമുണ്ട്.