കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കൊല്ലം ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡില്‍ രണ്ട് കുട്ടികള്‍ അറസ്റ്റിലായി. കഞ്ചാവ് കടത്താനുപയോഗിച്ച ബജാജ് പള്‍സര്‍ ബൈക്കും ഇവരില്‍ നിന്നും പിടിച്ചെടുത്തു.മയ്യനാട് ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് കുട്ടികള്‍ എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി ഇവര്‍ കഞ്ചാവ് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. പതിനാറും പതിനേഴും വയസുള്ളവരാണ് കുട്ടികള്‍. മയ്യനാട് താന്നി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്ന മാഫിയാസംഘം സംശയം തോന്നാതിരിക്കുവാന്‍ കുട്ടികളെ ഉപയോഗിക്കുകയായിരുന്നു.
കഞ്ചാവ് കടത്തുന്നതിനുവേണ്ടി കുട്ടികളെ കഞ്ചാവിനടിമയാക്കുകയായിരുന്നെന്ന ഞെട്ടിക്കുന്ന വിവരമാണ് ചോദ്യം ചെയ്യലില്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചത്.ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന വ്യക്തികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മയ്യനാട്, താന്നി, ഇരവിപുരം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും ഇവരുടെ വലയില്‍ വീണതായി സൂചന ലഭിച്ചിട്ടുണ്ട്. താന്നി സ്വദേശികളാണ് അറസ്റ്റിലായ ഇവര്‍ രണ്ടുപേരും. മറ്റ് സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതിന് അറസ്റ്റിലായ കുട്ടികളെ ഇവര്‍ ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചു.