ശാസ്താംകോട്ട: കുന്നത്തൂര്‍ പഞ്ചായത്തില്‍ മഴക്കൊപ്പം ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ കൂറ്റന്‍ മഹാഗണി കടപുഴകി വീടിന് മുകളിലേക്ക് പതിച്ച് വീടും, കാറും തകര്‍ന്നു. കുന്നത്തൂര്‍ പനംതോപ്പ് മനോജ് ഭവനില്‍ മനോജിന്റെ വീടും കാറുമാണ് തകര്‍ന്നത്. അയല്‍പുരയിടത്തില്‍ നിന്ന മരമാണ് കടപുഴകി വീണത്. പോര്‍ച്ചില്‍ പാര്‍ക്ക്‌ചെയ്തിരുന്ന വാഹനം പൂര്‍ണമായും വീടിന്റെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്നു.
കാറ്റിനെതുടര്‍ന്ന് വിവിധമേഖലകളില്‍ മരം ഒടിഞ്ഞ് വീണതിനെതുടര്‍ന്ന് കുന്നത്തൂര്‍ പഞ്ചായത്തില്‍ വൈദ്യുതിബന്ധവും താറുമാറായിരിക്കുകയാണ്. കൃഷിനാശവും വ്യാപകമാണ്. പനംതോപ്പ് ഭാഗത്ത് മരം ഒടിഞ്ഞ് വീണ് അനുഭവനില്‍ ഭദ്രന്റെ മതില്‍തകരുകയും ഗ്രാമീണമേഖലയില്‍ ഗതാഗതം താറുമാറാകുകയുംചെയ്തു.
തമിഴംകുളം, ഉച്ചിക്കോട്ട്, തൊളിക്കല്‍, കരിമ്പിന്‍പുഴ ഉള്‍പ്പടെയുള്ള ഏലാകളില്‍ വെള്ളംകയറി കാര്‍ഷികവിളകള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. കരകൃഷിയും പലഭാഗങ്ങളിലും നശിച്ചിട്ടുണ്ട്. നെടിയവിളജംഗ്ഷനില്‍ ഹോട്ടലിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് ഇളകി തിരക്കേറിയ റോഡിലേക്ക് പതിച്ചെങ്കിലും അപകടമുണ്ടായില്ല.