വടകര: ഓര്‍ക്കാട്ടേരി- കുന്നുമ്മക്കര റോഡില്‍ വാരിക്കുഴികള്‍ നിറഞ്ഞതോടെ ഗതാഗതം ദുഷ്കരമായി. പലയിടത്തും വെള്ളം നിറഞ്ഞ വലിയ കുഴികള്‍. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ഈ റോഡില്‍ യഥാസമയം അറ്റകുറ്റപണി നടത്താത്തതിന്റെ ദുരിതം നാട്ടുകാരാണ് പേറുന്നത്. മഴ തുടങ്ങിയാല്‍ റോഡ് കുളമാകുന്നു. എട്ടു മീറ്റര്‍ വീതിയുള്ള റോഡ് തര്‍ന്ന് ഒരു മീറ്റര്‍ പോലു കാണാതെയാകും. ബാക്കി ഭാഗം മുഴുവന്‍ വെള്ളത്തിലമരും. നാലു മാസം മുമ്പ് അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവില്‍ കുഴിയടക്കല്‍ നടത്തിയ റോഡ് മഴ കനത്തതോടെ പാടെ തകര്‍ന്നു.
കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് എളുപ്പം എത്തിപ്പെടാവുന്നതു കൊണ്ട് വാഹനത്തിരക്ക് ഏറെയാണ്. തുരുത്തി മുക്ക്-ഓര്‍ക്കാട്ടേരി റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഏറാമല ആദിയൂര്‍ ഭാഗംവരെ റോഡുതന്നെ ഇല്ലാത്ത സ്ഥിതി. ഏറാമല റോഡിന്റെ നവീകരണത്തിന് മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. കുന്നുമ്മക്കര റോഡിനാകട്ടെ പ്രത്യേകം ഫണ്ടും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്നാണ് റോഡ് ഗതാഗതയോഗ്യമാവുക എന്നുറപ്പില്ലാത്ത അവസ്ഥ. മഴയത്ത് കുഴികളില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നടയാത്രപോലും ദുഷ്കരമായിരിക്കുകയാണ് ഇവിടെ. എംഎല്‍എ ഫണ്ടില്‍ നിന്നു സി.കെ.നാണു അനുവദിച്ച തുകയാണ് ഇനി ആശ്വാസം.