കുപ്രസിദ്ധ റൗഡി ളായിക്കാട് പ്രകാശന്റെ മരണം: കൊലപാതകമെന്ന് സംശയം; ഒരാള്‍ നിരീക്ഷണത്തില്‍; മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ്

Crimeചങ്ങനാശേരി: നിരവധി കേസുകളിലെ പ്രതി കുപ്രസിദ്ധ റൗഡി ളായിക്കാട് പ്രകാശിനെ (50) മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് ഒരാളെക്കുറിച്ച് സംശയം. ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. ചങ്ങനാശേരി  നഗരമധ്യത്തിലെ ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള  ബിവറേജസ് മദ്യശാലക്കടുത്തുള്ള കടമുറിയുടെ പിന്നിലാണ് പ്രകാശിനെ മരിച്ച നിലയില്‍  കണ്ടെത്തിയത്.

ആളുകള്‍  അറിയിച്ചതുപ്രകാരം  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സക്കറിയാ മാത്യു, എസ്‌ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് മരണം സ്ഥിരീകരിച്ചത്. സംഭവസ്ഥലത്ത് പോലീസ് കാവലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ ഇന്‍ക്വസ്റ്റ് തയാറാക്കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിടിച്ചുപറി, പോക്കറ്റടി, അടിപിടി തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പ്രകാശിന്റെ മൂന്നു സുഹൃത്തുക്കളെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. പ്രകാശിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാര്‍ന്നൊഴുകിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമെ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.

Related posts