കുവൈറ്റ് സിറ്റി: വിസക്കച്ചവടത്തിന്റെ മറവില്‍ വിദേശത്തുനിന്ന് നൂറിലധികം എയ്ഡ്‌സ് രോഗികള്‍ കുവൈറ്റിലെത്തിയതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ കുവൈറ്റിലെത്തിയ വിദേശികളില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ഇത്രയും പേരില്‍ എയ്ഡ്‌സ് കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ എക്‌സാമിനേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊതുആരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മാജിദ അല്‍ഖത്താന് നല്‍കുകയും അവര്‍ ഡിപ്പാര്‍ട്ട്‌മെന്റ്തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
വിസക്കച്ചവടത്തിന് കൂട്ടുനിന്നവരെ കണ്ടെത്താന്‍ മന്ത്രാലയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ ഏറിയിട്ടുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. സ്വന്തംനാട്ടിലെ വൈദ്യപരിശോധനയില്‍ കൃത്രിമം കാണിച്ച് കുവൈറ്റിലെത്തുന്നവര്‍ ഇവിടത്തെ പരിശോധനയിലാണ് രോഗബാധിതരാണെന്ന് തെളിയുന്നത്. ഇതേത്തുടര്‍ന്ന് ഇവരെ പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും ഭീതിയിലാണ്. തുടര്‍ച്ചയായി ഇത്തരം രോഗികളുമായി ഇടപഴകുന്നത് രോഗം പടരാനിടയാക്കുമെന്ന ഭയം ഇവര്‍ക്കുണ്ട്.
പലരും മാരകരോഗങ്ങള്‍ക്ക് അടിമകളാണെന്ന് അറിഞ്ഞുതന്നെയാണ് വിസക്കച്ചവടക്കാര്‍ പണം വാങ്ങി അവരെ കൊണ്ടുവരുന്നത്. കുവൈറ്റിലെ വൈദ്യപരിശോധനയില്‍ പിടിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും വിസക്കച്ചവടക്കാര്‍ പണം മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തകനങ്ങള്‍ ഇവര്‍ നടത്തുന്നത്. കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ വിസക്കച്ചവടക്കാരുടെ ഇത്തരം തട്ടിപ്പുകള്‍ തടയാനാവൂ എന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.