കാഞ്ഞിരപ്പള്ളി: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്കു പാരയായി ജീവനക്കാരും ഉദ്യോഗസ്ഥരും. ജീവനക്കാരുടെ അശ്രദ്ധയും സ്വകാര്യ ബസുടമകളെ സഹായിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവണതയും വര്‍ധിക്കുന്നതായി ഒരുവിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. നേരാംവണ്ണം സര്‍വീസ് നടത്തിയാല്‍ പൊന്‍കുന്നം ഡിപ്പോയും എരുമേലി ഓപ്പറേറ്റിംഗ് സെന്ററും ലാഭത്തിലാകുമെന്ന് മിക്ക ജീവനക്കാരും പറയുന്നു.
മിക്ക സര്‍വീസുകള്‍ക്കും നല്ല കളക്ഷനാണ് ലഭിക്കുന്നത്. എന്നാല്‍, യഥാസമയം അറ്റകുറ്റപ്പണികള്‍ ഡിപ്പോയിലെ മെക്കാനിക്കുകള്‍ നടത്താത്തതിനാല്‍ പല ബസുകളും കട്ടപ്പുറത്താണ്. പാര്‍ട്‌സുകള്‍ ലഭിക്കാനില്ലെന്ന മുടന്തന്‍ ന്യായമാണ് മെക്കാനിക്കുകള്‍ പറയുന്നത്. ഇതിനിടെ ഡിപ്പോയിലെത്തുന്ന ചില സ്‌പെയര്‍പാര്‍ട്‌സുകള്‍ പുറത്തേക്കു കടത്തുന്നെന്ന ആക്ഷേപവും ശക്തമാണ്.
പല ദീര്‍ഘദൂര ബസുകളുടെയും അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതുമൂലം സര്‍വീസുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. മിക്ക ബസുകളും വഴിയില്‍ ബ്രേക്ക്ഡൗണാവുന്നത് പതിവായിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് ഏതെങ്കിലും ഡിപ്പോയില്‍ കയറ്റിയിട്ടിരിക്കുകയാണ് പല ദീര്‍ഘദൂര ബസുകളും. ഈ ഡിപ്പോകളില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി അതാത് ഡിപ്പോകളിലെത്തിക്കുമ്പോള്‍ ദിവസങ്ങള്‍ കഴിയും. ഷട്ടറുകള്‍ താഴാത്തതും മഴ പെയ്താല്‍ വെള്ളം വീഴുന്ന ബസുകളുമാണ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത്.
ഒരു മാസം മുമ്പ് എരുമേലി ഡിപ്പോയിലെ ഒരു ദീര്‍ഘദൂര ബസിന് അള്ളുവച്ചത് ജീവനക്കാര്‍ തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യ ബസുകളെ സഹായിക്കാനായിരുന്നു ഇതെന്ന് അന്വേഷണസംഘം കണ്ടെത്തി. എരുമേലി ഓപ്പറേറ്റിംഗ് സെന്ററിലെ ബസുകള്‍ പൊന്‍കുന്നത്തെ ഡിപ്പോയിലെത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്. 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചുവേണം ഇന്ധനം നിറയ്ക്കാന്‍. ഇതും ഡിപ്പോയ്ക്ക് നഷ്ടം വരുത്തുന്നു. എരുമേലി ഓപ്പറേറ്റിംഗ് സെന്റര്‍ ഡിപ്പോയാക്കി ഉയര്‍ത്തണമെന്നും ഇവിടെ നിന്ന് ഇന്ധ}ം നിറയ്ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ശബരിമല സീസണില്‍ ഏറ്റവും കൂടുതല്‍ ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് എരുമേലിയിലാണ്. വര്‍ഷംതോറും ലക്ഷങ്ങളുടെ വരുമാന വര്‍ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും ഓപ്പറേറ്റിംഗ് സെന്ററിന്റെ സൗകര്യം വര്‍ധിപ്പിക്കുവാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല. ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ വെടിഞ്ഞാല്‍ ഡിപ്പോകളിലെ വരുമാനം വര്‍ധിപ്പിക്കുവാന്‍ കഴിയും.