എരുമേലി: കെഎസ്ഇബിയില്‍ നിന്ന് വരികയാണെന്നുപറഞ്ഞ് യുവാവ് വീടുകള്‍ കയറിയിറങ്ങി ഗുണനിലവാരം കുറഞ്ഞ എല്‍ഇഡി ബള്‍ബുകള്‍ വിറ്റ് തട്ടിപ്പ് നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം എരുമേലി ടൗണിനടുത്ത് ചരള, ആനക്കല്ല് ഭാഗത്ത് നിരവധിപ്പേര്‍ തട്ടിപ്പിനിരയായി. കെഎസ്ഇബിയുടെ എരുമേലി സെക്ഷന്‍ ഓഫീസില്‍ നിന്നു വരികയാണെന്നു പറഞ്ഞ് വീടുകളിലെത്തിയ യുവാവ് വീട്ടുകാരോട് വൈദ്യുതി ചാര്‍ജ് ഇനത്തില്‍ അടച്ച ബില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് വീട്ടുകാരുടെ മേല്‍വിലാസം ഡയറിയില്‍ കുറിച്ചു. ബില്‍ അടച്ച് 190 രൂപ നല്‍കുമ്പോള്‍ രണ്ട് എല്‍ഇഡി ബള്‍ബുകള്‍ സെക്ഷന്‍ ഓഫീസില്‍ നിന്നു ലഭിക്കുന്നതാണെന്നും കിട്ടാത്തവര്‍ക്കായി വീടുകളിലെത്തിച്ച് നല്‍കുകയാണെന്നും യുവാവ് പറഞ്ഞു. ഇത് വിശ്വസിച്ച വീട്ടുകാര്‍ 190 രൂപ നല്‍കി യുവാവിന്റെ പക്കല്‍നിന്നു ബള്‍ബുകള്‍ വാങ്ങുകയായിരുന്നു. വിപണിയില്‍ 50 രൂപക്കു ലഭിക്കുന്ന ചൈന നിര്‍മിത എല്‍ഇഡി ബള്‍ബുകളാണ് കെഎസ്ഇബിയുടേതാണെന്ന വ്യാജേന യുവാവ് വിറ്റഴിച്ചത്.
ഐഎസ്‌ഐ മുദ്രയും വാറന്റിയും ഇല്ലാത്ത ഈ ബള്‍ബുകള്‍ അമിത വൈദ്യുതി നഷ്ടമുണ്ടാക്കുന്നതും പെട്ടെന്നു കേടാകുന്നതുമാണ്. കെഎസ്ഇബിയുടെ എല്‍ഇഡി ബള്‍ബുകള്‍ വീടുകളില്‍ വിറ്റഴിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്നും ആരും തട്ടിപ്പിനിരയാകരുതെന്നും അനധികൃത വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.