കേരളം ഒന്നും പ്രതീക്ഷിക്കേണ്ട! പിണറായി വിജയനും സിപിഎമ്മിനും കീഴടങ്ങി വി.എസിന്റെ രാഷ്ട്രീയ നിലപാട് അധികാരത്തിനുവേണ്ടി മാത്രം: കെ.സി. ഉമേഷ് ബാബു

umeshകണ്ണൂര്‍: പിണറായി വിജയനും സിപിഎമ്മിനും കീഴടങ്ങി അധികാരത്തിനുവേണ്ടി മാത്രം രാഷ്ട്രീയനിലപാട് എടുക്കുന്ന നേതാവായി വി.എസ്. അച്യുതാനന്ദന്‍ അധഃപതിച്ചെന്നു കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.സി. ഉമേഷ്ബാബു രാഷ്ട്രദീപികയോടു പറഞ്ഞു. വി.എസ്. അച്യുതാനന്ദനില്‍നിന്നും കേരളം ഒന്നും പ്രതീക്ഷിക്കേണ്ട. അദ്ദേഹം പൂര്‍ണമായും കീഴടങ്ങല്‍ രാഷ്ട്രീയമാണു നടപ്പാക്കുന്നത്.

ഇവന്‍മാനേജ്‌മെന്റും പരസ്യകമ്പനികളും നല്‍കുന്ന മുദ്രാവാക്യങ്ങളുടെ ഇമേജിലാണു സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണ റെയില്‍വേയുമായി രണ്ടുകോടിയുടെ കരാറാണു തൊഴിലാളിവര്‍ഗ പാര്‍ട്ടിയായ സിപിഎം ഏര്‍പ്പെട്ടിരിക്കുന്നത്.

നിലനില്‍പ്പിനുവേണ്ടി ജീവിക്കാന്‍ വേണ്ടി പോരാടുന്ന ദുര്‍ബല ജനവിഭാഗങ്ങളെയും ആദിവാസികളെയും മറന്നു മുതലാളിത്വ വര്‍ഗത്തിന്റെ എച്ചില്‍തീനികളായി കമ്യൂണിസ്റ്റ് നേതാക്കള്‍ മാറി. ഈ തെരഞ്ഞെടുപ്പില്‍ ഒരിടത്തും മനുഷ്യനുമായി ബന്ധപ്പെട്ട ചര്‍ച്ച ചെയ്യുന്നില്ല. ജാതിയും മതവും ഉപജാതികളും വോട്ടിന്റെ അടിസ്ഥാനമായി മറനീക്കി പുറത്തുവരികയാണ്. നിഷേധ വോട്ടിന്റെ ഇംപാക്ട് ഇത്തവണ ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും മാറിമാറി ആദിവാസികളെ വഞ്ചിച്ചപ്പോഴാണ് അവരുടെ നേതാവ് ജാനു കളം മാറ്റിയത്. അതു ശരിയുമാണ്. എന്നാല്‍ രാഷ്ട്രീയമായി എന്‍ഡിഎയുമായുള്ള ബന്ധം തെറ്റാണ്. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയം ജീര്‍ണിച്ചു കഴിഞ്ഞു. മെത്രാന്‍ കായലിന്റെ കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ നയമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related posts