വടക്കാഞ്ചേരി: നാടിന് അക്ഷരവെളിച്ചം പകര്‍ന്ന കേരളവര്‍മ വായനശാല കെട്ടിടം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്ന ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ആദ്യകാലത്ത് വായനശാല പ്രവര്‍ത്തിച്ചിരുന്നത് ഈ ഓടിട്ട കെട്ടിടത്തിലായിരുന്നു. കൊച്ചി രാജാവ് സൗജന്യമായി അനുവദിച്ച് നല്കിയ സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച കെട്ടിടമാണ് കാലപ്പഴക്കം സംഭവിച്ച് കാലവര്‍ഷമായതോടെ തകര്‍ച്ചയിലായത്. ഭിത്തികള്‍ വിണ്ടുകീറുകയും ചുമരിന്റെ തേപ്പുകള്‍ അടര്‍ന്നുവീഴുകയും ചെയ്തതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് അമൂല്യമായ പുസ്തകങ്ങള്‍ കെട്ടിടത്തിനു തൊട്ടുപുറകിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
1947 ല്‍ അന്നത്തെ കൊച്ചി മഹാരാജാവ് പരിഷത്ത് തമ്പുരാനാണ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചത്. പഴയ കെട്ടിടത്തില്‍നിന്നും പുസ്തകങ്ങള്‍ മാറ്റിയെങ്കിലും പഴയ കെട്ടിടം നിലനിര്‍ത്തി നൃത്ത-സംഗീത ക്ലാസുകള്‍ക്കും, വടക്കാഞ്ചേരിയിലെ പത്രപ്രവര്‍ത്തകര്‍ക്ക് പത്രസമ്മേളനം നടത്തുന്നതിനും ഈ കെട്ടിടം സൗജന്യ നിരക്കില്‍ നല്‍കിയിരുന്നെങ്കിലും ഈ അടുത്തകാലത്ത് മുതല്‍ കെട്ടിടം ചോര്‍ന്നൊലിച്ച് ദുര്‍ബലമായതോടെ ക്ലാസുകള്‍ തല്ക്കാലം നിര്‍ത്തിവയ്ക്കാന്‍ വായനശാല ഭരണസമിതി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ വടക്കാഞ്ചേരി പ്രസ് ക്ലബിന് വടക്കാഞ്ചേരി കെ.കരുണാകരന് സ്മാരക ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സില്‍ റൂം അനുവദിച്ചതോടെ പ്രസ് ക്ലബിന്റെ പ്രവര്‍ത്തനം അവിടേക്കു മാറ്റി.
വായനശാല കെട്ടിടത്തിന്റെ ജനലുകളും, വാതിലുകളുമൊക്കെ ചിതലെടുത്ത് നശിച്ചതോടെ കെട്ടിടത്തില്‍ ഒട്ടും സുരക്ഷയില്ലാതായി. ഈ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന് 25 ലക്ഷം രൂപ അനുവദിക്കുകയും ഭരണസമിതി നാലുകെട്ട് മാതൃകയില്‍ കെട്ടിടനിര്‍മാണത്തിന് രൂപരേഖ തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന് ഭരണസമിതി ഭാരവാഹികള്‍ പറഞ്ഞു
. ജീര്‍ണാവസ്ഥയിലായ കെട്ടിടത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കുട്ടികളുടെ ജീവന്‍വച്ച് ഭാഗ്യപരീക്ഷണത്തിനില്ലെന്നും അതിനാലാണ് ക്ലാസുകള്‍ നിര്ത്തിവയ്ക്കേണ്ടിവന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ക്ലാസുകള്‍ നിര്‍ത്തിയതിനെതിരെ മാനവസംസ്കൃതിയും കെഎസ്യു വിദ്യാര്‍ഥിസംഘടനയും, വായനശാല സംരക്ഷണസമിതിയും രംഗത്തെത്തി വിവിധതരത്തിലുള്ള സമരങ്ങള്‍ വായനശാലാപടിക്കല് നടത്തിവരികയാണ്.