കൈത്തറി ഉത്പന്നങ്ങള്‍ ലോകവിപണിയില്‍ സജീവമാക്കും: മന്ത്രി ഇ.പി. ജയരാജന്‍

knr-kaithariകണ്ണൂര്‍: ഖാദി-കൈത്തറി ഉത്പന്നങ്ങളുടെ ആഭ്യന്തര-വിദേശ വിപണി ഫലപ്രദമാക്കുന്നതിന് പ്രത്യേക വിപണനരംഗം ഒരുക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കൈത്തറിയെ ലോകവിപണിയില്‍ സജീവമാക്കുന്നതിനാണ് നടപടി. ആദ്യഘട്ടമെന്ന നിലയില്‍ പ്രകൃതിദത്തമായ ചായം ഉപയോഗിച്ചുകൊണ്ടുള്ള ജൈവ കോട്ടണ്‍ നിര്‍മിച്ചു വിതരണം ചെയ്യുമെന്ന് അദ്ദഹം പറഞ്ഞു. ഓണം-ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച്  കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ആരംഭിച്ച ജൈവ കൈത്തറി ഉത്പന്ന പ്രദര്‍ശനവും സെമിനാറും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരു സെറ്റ് കൈത്തറി യൂണിഫോം സൗജന്യമായി നല്‍കും. ഇതിനായി 1.32 കോടി മീറ്റര്‍ തുണിയാണ് ഉത്പാദിപ്പിക്കേണ്ടത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഓരോ പ്രദേശത്തെയും വിദ്യാര്‍ഥികളുടെ അധ്യാപകരുടെയും അഭിരുചിക്കനുസരിച്ചുള്ള നിറങ്ങളിലാണ് തുണികള്‍ തയാറാക്കുന്നത്. 300 കോടി രൂപയാണ് ഇതിനായി പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

ഇതിലൂടെ കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. നിശ്ചിതകൂലിയും ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും കഴിയും.  സംഘങ്ങളുടെ റിബേറ്റ് കുടിശിക കൊടുത്തുതീര്‍ക്കുന്നതിന് നടപടി സ്വീകരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനപ്രകാരം മിനിമം കൂലിയായ 600 രൂപ കൈത്തറി-ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭ്യമാക്കും. കാല്‍ലക്ഷം തൊഴിലാളികളാണ് കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

ഉത്സവകാലത്ത് മേളയിലൂടെയുള്ള വില്പന മാത്രമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇതുമാറ്റി എല്ലാക്കാലത്തും നല്ല വില്പനയുണ്ടാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷതവഹിച്ചു.പി.കെ.ശ്രീമതി എംപി സുവനീര്‍ പ്രകാശനം ചെയ്തു. െൈകത്തറി ടെക്‌നിക്കല്‍ അഡൈ്വസര്‍ ജി. സുകുമാരന്‍നായര്‍ വിഷയാവതരണം നടത്തി. കെ.രമേശന്‍, കെ.സുധീര്‍, പി.ബാലന്‍്, അഡ്വ. ലിഷ ദീപക്, ഡി.രാജേന്ദ്രന്‍ എന്നിവ പ്രസംഗിച്ചു.

Related posts