കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണി ആഘോഷങ്ങള്‍ക്കു മുന്നോടിയായി ചെറുഭരണിക്കു കൊടിയേറി. കുംഭമാസത്തിലെ ഭരണിനാളായ ഇന്നലെ രാവിലെ പന്തീരടി പൂജക്കുശേഷം പാരമ്പര്യ അവകാശികളായ മലയാളതട്ടാന് സമുദാ യത്തിലെ കാവില്‍വീട്ടില്‍ കാരണവര്‍ ഉണ്ണിച്ചെക്കന്റെ നേതൃത്വത്തിലായിരുന്നു ഭക്തിനിര്‍ഭരമായ കൊടിയേറ്റ് ചടങ്ങുകള്‍. കൊടിയേറ്റത്തിനു തലേന്ന് കൊടുങ്ങല്ലൂര്‍ വലിയതമ്പുരാന്‍ അനുഗ്രഹിച്ച് നല്കിയ പവിഴ മാലയും ധരിച്ച് വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ പരിവാരസമേതം ക്ഷേത്രാങ്കണത്തിലെത്തിയ ഉണ്ണിച്ചെക്കന് ദേവിയെ നമസ്കരിച്ച് ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വച്ച് വടക്കേ നടയിലെത്തി കോഴിക്കല്ലിനു മുകളില്‍ ചുവന്നപട്ടും സ്വര്‍ണത്താലിയും മണിയും സമര്‍പ്പിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി.
ഈ സമയം ക്ഷേത്രത്തിലെ പൂജാരികളായ അടികള്‍മാരും ക്ഷേത്ര ജീവനക്കാരും പുറത്തുകടന്നു പ്രദക്ഷിണ വഴിക്കു സമീപം തൊഴുതുനിന്ന് കാവില്‍ വീട്ടില്‍ കുടുംബ ക്കാര് ആചാരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ കുടുംബി സമുദായക്കാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ നടപ്പന്തലിലും ആല്മരങ്ങൡും വിവിധ വര്‍ണങ്ങളിലുള്ള കൊടിക്കൂറുകള് നാട്ടി മീനഭരണി വിളംബരം ചെയ്തു. ഏപ്രില്‍ മൂന്നിനു തിരുവോണം നാളില്‍ കോഴിക്കല്ല് മൂടല്‍ നടക്കുന്നതോടെയാണ് കോമരങ്ങളുടെ വരവ് ആരംഭിക്കുക. ഉത്തരകേരളത്തില്‍ നിന്നുള്ള തച്ചോളി തറവാട്ടുകാരുടെ നേതൃത്വത്തിലാണു കോഴിക്കല്ല് മൂടല്‍.
അന്നു മുതല്‍ അനേകായിരങ്ങള്‍ നിണമൊഴുക്കി നിറഞ്ഞാടുന്ന കുരുംബക്കാവില്‍ ഏപ്രില്‍ എട്ടിന് ഉച്ചകഴിഞ്ഞ് അശ്വതിനാളിലെ കാവുതീണ്ടല് അരങ്ങേറും. ഒമ്പതിനു രാവിലെ പത്മശാലിയ സമുദായക്കാര്‍ കുംബളങ്ങ വെട്ടി ബലിയര്‍പ്പിക്കുകയും കിഴക്കേ നടയില്‍ വെന്നിക്കൊടി ഉയര്‍ത്തുകയും ചെയ്യുന്നതോടെ ഭരണി ആഘോഷം സമാപിക്കുകയായി.