കൊല്ലം: കൊല്ലം കോടതി വളപ്പില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മൈസൂരില്‍നിന്നുള്ള പോലീസ് സംഘം ഇന്നലെയും കൊല്ലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നാലംഗ പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലത്ത് എത്തിയത്. സ്‌ഫോടനം നടന്ന കോടതി പരിസരം സംഘം പരിശോധിച്ചു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. ആന്ധ്രയിലെ ചിറ്റൂരും മൈസൂറിലും കൊല്ലത്തും ഉണ്ടായ സ്‌ഫോടനങ്ങള്‍ സാമ്യമുള്ളരീതിയിലാണ്.
മൂന്നിടത്തും കോടതി വളപ്പിലാണ് സ്‌ഫോടനം നടന്നത്. കൊല്ലത്ത ്‌സ്‌ഫോടനത്തിന് ഉപയോഗിച്ച സര്‍ക്യൂട്ട് ബോര്‍ഡ് ആന്ധ്രയില്‍നിന്നാണെന്ന് പോലീസ് കണെ്ടത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി കൊല്ലത്തെ സ്‌ഫോടനത്തിന് സാമ്യമു ണെ്ടന്ന നിഗമനത്തെതുടര്‍ന്നാണ് സംഘം കൊല്ലത്തെത്തിയതെന്ന് എസിപി ജോര്‍ജ് കോശി പറഞ്ഞു. നേരത്തെയും സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണവുമായി മൈസൂര്‍ പോലീസ് കൊല്ലത്തെത്തിയിരുന്നു.
മൈസൂറില്‍നിന്നെത്തിയ പോലീസ് സംഘം സിറ്റി പോലീസ് കമ്മീഷണറെ കൂടാതെ എസിപി മാരായ ജോര്‍ജ് കോശി , റെക്‌സ് ബോബി അര്‍വിന്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. മൂന്ന് സ്ഥലത്തെ സമാന സ്‌ഫോടനത്തിന് പിന്നില്‍ ഒരേ സംഘടനയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമെത്തി നില്‍ക്കുന്നത്.