കൊല്ലം :റെയിൽവേ സ്റ്റേഷൻ രണ്ടാം പ്രവേശനകവാടം മൂന്നിന് നാടിന് സമർപ്പിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ബുക്കിംഗ് ഓഫീസ്, സർക്കുലേറ്റിംഗ് ഏരിയ, ഫുട് ഓവർ ബ്രിഡ്ജ് എന്നിവയാണ് രണ്ടാം കവാടത്തിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ളത്. ഫുട് ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് മൂന്ന് കോടി എണ്‍പത്തിയേഴ് ലക്ഷം രൂപയും ബുക്കിംഗ് ഓഫീസ്, സർക്കുലേറ്റിംഗ് ഏരിയ എന്നിവയുടെ നിർമ്മാണത്തിന് മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയുമാണ് ചെലവിട്ടിട്ടുള്ളത്.
എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ഇരുപത്തിരണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ഗേറ്റും ചുറ്റുമതിലും ഇല്യുമിനേറ്റഡ് ബോർഡും നിർമ്മിച്ചിട്ടുണ്ട്. കൊല്ലം-തേനി ദേശീയപാതയുടെ ഭാഗത്ത് നിന്നും എത്തിച്ചേരുന്ന യാത്രക്കാർക്ക് പുതിയതായി ആരംഭിക്കുന്ന ബുക്കിംഗ് ഓഫീസിൽ നിന്നും ടിക്കറ്റ് എടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കാൽനടക്കാർക്ക് പ്രത്യേക പാതയും വാഹനങ്ങൾക്കായി റോഡ് സൗകര്യവും പാർക്കിംഗ് സൗകര്യവും തയാറാക്കിയിട്ടുണ്ട്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് നിലവിൽ കൊല്ലം തിരുവനന്തപുരം ദേശീയപാതയിൽ നിന്നുമാത്രമാണ് പ്രവേശനകവാടമുള്ളത്. കൊല്ലം-തേനി ദേശീയപാതയിലൂടെയും പ്രാന്തപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് നഗരം ചുറ്റി മാത്രമേ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുവാൻ കഴിയുമായിരുന്നുള്ളൂ.
രണ്ടാം കവാടം തുറക്കുന്നതോടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശനം സുഗമമാക്കുവാനും കൊല്ലം നഗരത്തിലെ യാത്രാക്കുരുക്ക് ഒഴിവാക്കുവാനും കഴിയുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.