കണ്ണൂര്‍: സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി യോഗാ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. മണ്ഡലാടിസ്ഥാനത്തിലാണ് യോഗാ ക്ലാസുകള്‍ ആരംഭിക്കുന്ന്ത്. മണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനെ തന്നെ പരിശീലകനായി നിശ്ചയിക്കും. ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി 14 ഇന കര്‍മപദ്ധതി നടപ്പാക്കാനും തീരുമാനമായി. കണ്ണൂര്‍ ശിക്ഷക് സദനില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അവതരിപ്പിച്ച കരടിന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം അംഗീകാരം നല്കി.
താഴെത്തട്ടു മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ വാര്‍ഡ് കമ്മിറ്റി പുനഃസംഘടനയും രൂപീകരണവും നടത്തും. വാര്‍ഡില്‍നിന്ന് അഞ്ചു വീതം പ്രതിനിധികളെ തെരഞ്ഞെടുത്ത് അവര്‍ക്കുവേണ്ടി മണ്ഡലാടിസ്ഥാനത്തില്‍ ക്യാമ്പ് സംഘടിപ്പിക്കും. രക്തദാന സേനയും പ്രാദേശികമായി രൂപീകരിക്കും. ഗാന്ധിജയന്തി വാരാഘോഷങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ദേശീയ നേതാക്കന്മാരുടെ ജന്മദിനവും ചരമദിനവും സംബന്ധിച്ച പരിപാടികള്‍ എന്നിവ വാര്‍ഡ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
കെഎസ്യുവിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനു പാര്‍ട്ടി ഊന്നല്‍ നല്‍കും. മണ്ഡലാടിസ്ഥാനത്തില്‍ സംഘടനയെ വളര്‍ത്തിയെടുക്കാന്‍ അതാതു പ്രദേശത്തെ ഡിസിസി ഭാരവാഹികള്‍ക്ക് ചുമതല നല്‍കും. സ്വാതന്ത്ര്യദിനത്തോട് അ—നുബന്ധിച്ച് മണ്ഡലം കമ്മിറ്റികള്‍ പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സ്വാതന്ത്ര്യ സ്മൃതി സായാഹ്നം സംഘടിപ്പിക്കും. ശിശുദിനത്തോട് അനുബന്ധിച്ച് ജവഹര്‍ ബാലജനവേദി മണ്ഡലം തലങ്ങളില്‍നിന്നും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് ജില്ലാറാലി സംഘടിപ്പിക്കും.
മണ്ഡലങ്ങളില്‍ നിലവിലുള്ള ക്ലബുകളെ സജീവമാക്കാന്‍ സജീവ രാഷ്ട്രീയമില്ലാത്തവരെ ക്ലബിലേക്ക് ആകര്‍ഷിക്കാനും ആരോഗ്യ-വിദ്യാഭ്യാസ-കാര്‍ഷിക-പരിസ്ഥിതി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും നീന്തല്‍, ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍ തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കാനും നടപടി സ്വീകരിക്കും. യുവജന ക്ഷേമ ബോര്‍ഡ്, നെഹ്റു യുവ കേന്ദ്രകളില്‍ അഫിലിയേഷന് നേടുകയും ജിംനേഷ്യം പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്യും.