കോതമംഗലം: നഗരത്തില്‍ പലഭാഗത്തും ഫുട്പാത്ത് കൈയേറിയതു കാല്‍നടയാത്രക്കാര്‍ക്കു ദുരിതമാകുന്നു. തിരക്കേറിയ നഗരത്തിലെ റോഡുകള്‍ക്കു വീതികുറവു ള്ളതിനാല്‍ ഫുട്പാത്തുകൂടി കൈയേറിയതോടെ ദുരിതം ഇരട്ടിയാണ്. കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ കാലയളവില്‍ ആരംഭിച്ച നടപ്പാത ടൈല്‍ വിരിച്ചു മോടിപിടിപ്പിക്കല്‍ പദ്ധതി ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. നഗരത്തില്‍ ഹൈറേഞ്ച് ജംഗ്ഷന്‍ ഭാഗത്ത് ഒരു വശത്തു മാത്രമാണ് നടപ്പാത നിര്‍മിച്ചിട്ടുള്ളത്. ഏറ്റവും തിരക്കേറിയ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് നടപ്പാത ഏറ്റവും കൂടുതല്‍ കൈയേറിയിട്ടുള്ളത്.
ബസുകള്‍ പുറത്തേക്കും മാര്‍ക്കറ്റിലേക്കും പോകുന്ന റോഡില്‍ പലപ്പോഴും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ റോഡിന്റെ ഒരു ഭാഗം വ്യാപാരികളും മറുഭാഗം വഴിവാണിഭക്കാരും കൈയേറിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള കാല്‍നടയാത്രക്കാര്‍ ബസ് സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതും റോഡിലെ തിരക്കില്‍ വാഹനങ്ങള്‍ക്കിടയിലൂടെയാണ്. ഇതു പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. വാഹനങ്ങള്‍ക്കും ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. നഗരത്തിന്റെ ചിലയിടങ്ങളില്‍ നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതും കാല്‍നടയാത്രക്കാരെ വലയ്ക്കുന്നു.
നഗരത്തിലെ ഫുട്പാത്ത് കൈയേറ്റം ഒഴിപ്പിച്ച് വേണ്ടത്ര പ്രയോജനപ്രദമാക്കുന്നതില്‍ അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ബസ്സ്റ്റാന്‍ഡ് പരിസരത്ത് വ്യാപാരികള്‍ കടയ്ക്കു പുറത്തു വില്‍ക്കാന്‍ വച്ചിരിക്കുന്ന സാധനങ്ങള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസവും അപകടസാധ്യത ഉയര്‍ത്തുന്ന വിധത്തിലാണ്. വാടക നല്‍കുന്ന സ്ഥലത്തിലുമേറെ സ്ഥലം കൈയേറിയാണു സാധനങ്ങള്‍ നിരത്തുന്നത്. വാടകയ്‌ക്കെടുത്തിരിക്കുന്ന മുറിയുടെ മുന്‍വശത്തെ ഫുട്പാത്തിന്റെയും റോഡിന്റെയും അവകാശവും തങ്ങള്‍ക്കാണെന്ന മട്ടിലാണ് ചില വ്യപാരികള്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നത്.
കച്ചവടക്കാര്‍ക്ക് ശല്യമാകാതെ വഴിമാറിപോകാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നു. ഫുട്പാത്തും പൊതുസ്ഥലവും കൈയേറിയുള്ള കച്ചവടം തടയുമെന്ന്ഒട്ടേറെ തവണ മുനിസിപ്പല്‍ അധികൃതര്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലുംതുടര്‍ നടപടികളെടുക്കാന്‍ അധികൃതര്‍ ധൈര്യം കാണിക്കാത്തതു പ്രശ്‌നം രൂക്ഷമാക്കുന്നു.