കോഴിക്കോട്: കല്ലായ്-ചെറുവത്തൂര്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായി ഗുഡ്‌സ് ട്രെയിന്‍ ഓടിത്തുടങ്ങിയ സാഹചര്യത്തില്‍ മെമു സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയില്‍ മെമു സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ തോതില്‍ ആശ്വാസമായിരിക്കും. വൈദ്യുതീകരണം പൂര്‍ത്തിയാവാത്തതിനാലാണ് മലബാറില്‍ മെമു സര്‍വീസ് റെയില്‍വേ ആരംഭിക്കാതിരുന്നത്.
എന്നാല്‍ വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ മെമു സര്‍വീസ് ആരംഭിക്കാമെന്ന് റെയില്‍വേ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. നിലവില്‍ വൈദ്യുതീകരണം പൂര്‍ത്തിയായതോടെ ഗുഡ്‌സ് ട്രെയിന്‍ ചെറുവത്തൂര്‍ വരെ ഓടാന്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതല്‍ കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദിയും വൈദ്യുതി എന്‍ജിന്‍ ഘടിപ്പിച്ച് യാത്ര ആരംഭിച്ചിരുന്നു. ഷൊര്‍ണൂര്‍ സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഗുഡ്‌സ് ട്രെയിനും ജനശദാബ്ദിയും സര്‍വീസ് നടത്തുന്നത്. ഇതേ വൈദ്യുതി ഉപയോഗിച്ച് മെമു സര്‍വീസ് ആരംഭിക്കാമെന്നാണ് വിധഗ്ദര്‍ പറയുന്നു. മെമു സര്‍വീസ് ആരംഭിച്ചാല്‍ ഹൃസ്വ ദൂര യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് യാത്രക്കാരുടെയും വാദം.
മലബാറില്‍ മെമു സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിട്രിക്ട്് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി ജോഷിപാല്‍ എന്നിവര്‍ റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ മെമുമെയ്ന്റനന്‍സ് ഷെഡ് ആരംഭിക്കുന്നത് വരെ പാലക്കാട് ഷെഡ് ഉപയോഗിക്കാമെന്നും നിവേദനത്തില്‍ പറയുന്നു.