ക്വാറിയില്‍ നിന്ന് കല്ലുകള്‍ തെറിച്ചുവീണ് വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു

pkd-paramadaചിറ്റിലഞ്ചേരി: ഗോമതി സെന്റ് തോമസ് നഗറിലുള്ള കുരിശുപള്ളിയ്ക്കു പിറകിലായി പ്രവര്‍ത്തിക്കുന്ന പാറമടയില്‍ നിന്ന് കല്ലുകള്‍ തെറിച്ചുവീണ് വീടുകളുടെ ജനല്‍ചില്ലുകളും മേല്‍ക്കൂരയിലെ ഷീറ്റുകളും തകര്‍ന്നു. കുരിശുപള്ളിയ്ക്കു സമീപം കാപ്പില്‍ ജോണ്‍സണ്‍, ലൂക്കോസ്, ഗണപതിപ്ലാക്കല്‍ വീട്ടില്‍ ജോസഫ്, വള്ളിയാംപൊറ്റ വീട്ടില്‍ തങ്കച്ചന്‍ എന്നിവരുടെ വീടിന്റെ ജനാലചില്ലുകളും മേല്‍ക്കൂരയില്‍ ഇട്ടിരുന്ന ഷീറ്റുകളുമാണ് കല്ലുവീണ് തകര്‍ന്നത്. ഇവരുടെ വീടുകളുടെ മുന്നിലൂടെ പോകുന്ന പ്രധാനപാതയായ മംഗലം- ഗോവിന്ദാപുരം ദേശീയപാതയില്‍ വരെ കല്ലുകള്‍ വീഴാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അയിലൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പാറമടയില്‍ വര്‍ഷങ്ങളായി പാറപൊട്ടിയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് ശക്തികുറച്ചുപൊട്ടിച്ചിരുന്നു. എന്നാല്‍ ഈ അടുത്തദിവസങ്ങളില്‍ വന്‍തോതില്‍ പാറപൊട്ടിയ്ക്കല്‍ നടക്കുന്നതിനാല്‍ വലിയശബ്ദത്തോടെ സ്‌ഫോടനമുണ്ടാകുകയും കല്ലുകള്‍ 300 മീറ്റര്‍ വരെ തെറിച്ചുവീഴുന്നതായും പരിസരവാസികള്‍ പറഞ്ഞു.

ഇതുമൂലം സമീപവീടുകളിലുള്ളവര്‍ ഭയപ്പാടോടെയാണ് കഴിയുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയുമുണ്ട്. പലതവണ പരാതിപ്പെട്ടെങ്കിലും മേലധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ജനങ്ങളുടേയും വീടുകളുടേയും അപകടഭീഷണി കണക്കിലെടുക്കുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്. അധികാരികള്‍ നടപടിയെടുക്കാത്തപക്ഷം ശക്തമായ സമരമുറകള്‍ക്ക് തുടക്കംകുറിയ്ക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related posts