
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ യാത്രക്കാരെ തട്ടിക്കൊണ്ടു പോയതും കോട്ടക്കലിൽ കഴിഞ്ഞദിവസം കുഴൽപണം തട്ടിയെടുക്കാൻ ശ്രമിച്ചിതിന് പിന്നിലെയൂം സൂത്രധാരനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം.
കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തു നിന്നു കടത്തിക്കൊണ്ടുവരുന്ന സ്വർണം കവർച്ച ചെയ്യാനുദേശിച്ചാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോകുന്നത്. സ്വർണം കിട്ടാതെ വരുന്നതോടെ കയ്യിലുള്ളതെല്ലാം കവർച്ച ചെയ്യുകയാണ്.
ഇക്കഴിഞ്ഞ ഒന്പതിന് കരിപ്പൂരിൽ നിന്നു ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന ദക്ഷിണ കന്നഡ സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു ഭിന്നശേഷിക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കവർച്ച ചെയ്യാനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോട്ടക്കലിൽ ഓട്ടോറിക്ഷയിൽ കൊണ്ടു പോവുകയായിരുന്ന 3.25 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് കൊണ്ടോട്ടിയിലെ തട്ടിക്കൊട്ടു പോയി കവർച്ച ചെയ്ത സംഭവത്തിലും പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
തുടർച്ചയായുണ്ടാകുന്ന സംഭവങ്ങൾക്കു പിന്നിൽ താനൂരിലെ ഇസ്ഹാഖ് എന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. കവർച്ചാ ശ്രമങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടും.
രാത്രി പത്തു മുതൽ രാവിലെ ആറു മണിവരെ എയർപോർട്ട് പരിസരങ്ങളിലും മൂന്നു പ്രധാന റോഡുകളിലും ശക്തമായ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ പുലർച്ചെ രാമനാട്ടുകരക്ക് വച്ച് കരിപ്പൂരിലെ യാത്രക്കാരനെ ഓട്ടോറിക്ഷയിൽ നിന്നു തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്ത സംഭവം ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുമായി ബന്ധപ്പെട്ട് കൂടുതൽ റോഡുകളിലേക്കു രാത്രിയുള്ള വാഹന പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.