ഗോശ്രീപുരം ഹാര്‍ബര്‍ റോഡ് തകര്‍ച്ചയില്‍

ekm-slabeമുല്ലക്കര സലീം

വൈപ്പിന്‍ അഴീക്കല്‍  കാളമുക്ക് ഗോശ്രീ പുരം ഹാര്‍ബറിലെ റോഡ് ശോചനീയമായി കിടന്നിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഈ ഭാഗത്തേക്ക് എത്തിപോലും നോക്കുന്നില്ല. മത്സ്യ സംഭരണത്തിനായി ദിനംപ്രതി ഇവിടെ എത്തുന്ന വാഹനങ്ങള്‍ക്ക് ഈ റോഡ് ഒരു ശാപമായിമാറിയിരിക്കുകയാണ്.

നേരത്തെ തന്നെ സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന ഈ റോഡില്‍ ഇപ്പോള്‍ കുറുകെയുള്ള കാനയുടെ സ്ലാബ് തകര്‍ന്നിട്ടു ദിവസങ്ങളായി. രാത്രിയും പകലും വള്ളങ്ങള്‍ അടുക്കുന്ന ഇവിടെ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ ഹാര്‍ബറിലേക്ക് കയറ്റാന്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. സഞ്ചാരയോഗ്യമല്ലാതെ വെള്ളം കെട്ടി  കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡില്‍ പാറമടയില്‍ നിന്നുള്ള വേസ്റ്റ് ഇറക്കി കുഴി നികത്തിയെങ്കിലും ഇപ്പോഴും നിരപ്പല്ല. മഴക്കാലത്ത് ഏറെ ദുരിതമാണ്.

സ്വകാര്യ വ്യക്തിയുടെ ഹാര്‍ബറാണെന്ന കാരണത്താല്‍ പഞ്ചായത്തും പൊതുമരാമത്തു വകുപ്പും ഈ റോഡ് കയ്യൊഴിയുകയാണ്. എന്നാല്‍ ഗോശ്രീ പാലത്തില്‍ നിന്നുള്ള കണക്ഷന്‍ റോഡും തൊട്ടപ്പുറത്ത് ഇനിയും പ്രവര്‍ത്തനം തുടങ്ങാതെ കിടക്കുന്ന സര്‍ക്കാര്‍ ഹാര്‍ബറിലേക്കുള്ള ലിങ്ക് റോഡുമാണെന്ന കാര്യം അധികാരികള്‍ മറക്കുന്നു.  വെള്ളം കെട്ടാത്ത രീതിയില്‍ ഒന്നുകൂടി റോഡ് ഉയര്‍ത്തി ബലത്തില്‍ ടാര്‍ ചെയ്യുകയോ , കോണ്‍ക്രീറ്റ് ചെയ്യുകയോ വേണം. എന്നാല്‍ മാത്രമെ ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടേയും കാല്‍നടക്കാരുടേയും ദുരിതം വിട്ടുമാറുകയുള്ളു.

Related posts