ചങ്ങനാശേരിയില്‍ പിടിച്ചതു മൂന്നരക്കോടിയുടെ ഹാഷിഷ്; കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ഹാഷിഷ് വേട്ട

hashishചങ്ങനാശേരി: ചങ്ങനാശേരിയില്‍ പിടിച്ചത് അന്താരാഷ്ട്ര വിപണിയില്‍ മൂന്നരക്കോടി രൂപ വില വരുന്ന ഹാഷിഷ് ആണെന്ന് എക്‌സൈസ് സംഘം. കേരളത്തില്‍ത്തന്നെ നടന്നിട്ടുള്ള ഏറ്റവും വലിയ ഹാഷിഷ് വേട്ടയാണിത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞു ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നാണ് ഹാഷിഷും നാലര കിലോഗ്രാം കഞ്ചാവുമായി ഇടുക്കി എട്ടാംമൈല്‍ സ്വദേശിയും പാമ്പാടിയില്‍ വാടകയ്ക്കു താമസിക്കുന്നയാളുമായി ആലിട്ടാംകുന്നേല്‍ എ.കെ. സജികുമാറിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

150 കിലോഗ്രാം കഞ്ചാവ് വാറ്റിയാണു മൂന്നര കിലോഗ്രാം ഹാഷിഷ് തയാറാക്കിയതെന്നും പിടിയിലായ സജികുമാര്‍ എക്‌സൈസ് സംഘത്തിനു മൊഴി നല്കിയതായി ചങ്ങനാശേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് പറഞ്ഞു.

പിടികൂടിയ ഹാഷിഷ് അന്താരാഷ്ട്ര വിപണിയില്‍ ഒന്നാം ഗ്രേഡ് ഇനത്തില്‍പ്പെട്ടതാണെന്നു പരിശോധനയില്‍ കണ്ടെത്തിയതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. മികച്ച രീതിയില്‍ പായ്ക്കു ചെയ്തു ഗന്ധം പുറത്തുവരാതിരിക്കാന്‍ ബാഗിനുള്ളില്‍ പെര്‍ഫ്യുമും അടച്ച നിലയിലാണു ഹാഷിഷും കഞ്ചാവും കണ്ടെത്തിയത്.

ഒരു മുട്ടുസൂചിയുടെ മുനയില്‍ മുക്കി സിഗരറ്റില്‍ തേച്ചുവലിച്ചാല്‍ മൂന്നു ദിവസം ലഹരിയുടെ ഉന്മാദം ലഭിക്കുന്ന വീര്യമേറിയ ഹാഷിഷാണു പിടിച്ചെടുത്തത്. കഴിഞ്ഞ 10 വര്‍ഷം മുമ്പു ഇടുക്കിയില്‍ കഞ്ചാവ് തോട്ടം നടത്തിവന്നിരുന്ന സജികുമാര്‍ പോലീസ്, എക്‌സൈസ് പരിശോധനകള്‍ കര്‍ശനമാക്കിയതോടെയാണ് ആന്ധ്രയിലേക്കു കുടിയേറിയത്.

മലയാളിയായ ഷാജി എന്നയാളുടെ സഹായത്തോടെ വിശാഖപട്ടണം കേന്ദ്രമാക്കി സജികുമാര്‍ കഞ്ചാവ് വാറ്റി ഹാഷിഷ് ഉത്പാദിപ്പിച്ചു കേരളത്തില്‍ വിറ്റുവരികയായിരുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും എത്തുന്ന വിദേശികള്‍ക്കു ഹാഷിഷ് കൈമാറി സജികുമാര്‍ വന്‍തുക നേടിയിരുന്നതായും എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

ഒരുവര്‍ഷം മുമ്പു കോട്ടയം കഞ്ഞിക്കുഴിയിലും സജികുമാര്‍ വാടക വീട് എടുത്തു താമസിച്ചിരുന്നു. മാന്യമായി വസ്ത്രം ധരിച്ചു ബാഗുമായി സഞ്ചരിക്കാറുള്ള സജികുമാറിനെ സമീപവാസികള്‍ക്കു പോലും സംശയം തോന്നിയിരുന്നില്ല.

ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണു കേരളത്തിലേക്കു ഹാഷിഷും കഞ്ചാവു കടത്തിയിരുന്നത്. രണ്ടു വര്‍ഷത്തോളം സജികുമാര്‍ മലേഷ്യയിലും താമസിച്ചിരുന്നു. ബിസിനസ് ആവശ്യത്തിനാണു മലേഷ്യയില്‍ പോയതെന്നാണു എക്‌സൈസിനോടു പറഞ്ഞതെങ്കിലും മയക്കുമരുന്നു വില്പനയാകാം ഇതിനു പിന്നിലെന്നു സംശയിക്കുന്നു. മിലിട്ടറി സര്‍വീസില്‍ ജോലി ഉണ്ടായിരുന്ന സജികുമാറിനെ മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ടു സര്‍വീസില്‍നിന്നു പിരിച്ചുവിടുകയായിരുന്നുവെന്നും ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞു.

എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ചങ്ങനാശേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ രഹസ്യനീക്കങ്ങളിലുടെയാണു സജികുമാറിനെ പിടികൂടിയത്. ഇയാളെ തൊടുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സജികുമാറിനെ എക്‌സൈസ് സംഘം അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി ആന്ധ്രയില്‍ എത്തിച്ചു തെളിവെടുപ്പു നടത്തും.

Related posts