ചിലനേരം കണ്ണീര്‍ രക്തമാകുന്ന പെണ്‍കുട്ടി

eye1കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രിയ എന്ന 14കാരി പെണ്‍കുട്ടിക്ക് അമ്മാവന്‍ ഗണിതപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനിടെയാണ് അവളുടെ കണ്ണുകള്‍ രക്തമയമാകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രിയയോട് ഇക്കാര്യം അദ്ദേഹം പറയുകയും ചെയ്തു. കണ്ണാടിയില്‍ ചെന്നു നോക്കിയ പ്രിയ തന്റെ കണ്ണുകള്‍ കണ്ടു ഭയന്നു. തീര്‍ത്തും രക്തമയമായിരുന്നു അവ. അവള്‍ ഭയചകിയതായി നില്‍ക്കവേ രക്തം കണ്ണീരായി ഒഴുകുകയും ചെയ്തു.

ഉടന്‍തന്നെ മാതാപിതാക്കള്‍ പ്രിയയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, അപ്പോഴേക്കും കണ്ണുകള്‍ സാധാരണനിലയിലായിരുന്നു. മാതാപിതാക്കള്‍ സംഭവം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് അസാധാരണമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കുറച്ചുദിവസങ്ങള്‍ക്കുശേഷം വീണ്ടും കണ്ണുകളില്‍നിന്നു രക്തം വന്നപ്പോഴും ഡോക്ടര്‍മാര്‍ക്ക് ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എംആര്‍ഐ, സിടി സ്കാന്‍ എന്നിവയ്ക്ക് പ്രിയ വിധേയയായെങ്കിലും അസാധാരണമായൊന്നും കണ്ടെത്താനായില്ല. പിന്നീട് ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് പരക്കംപാച്ചിലായിരുന്നു. ഒടുവില്‍ കല്‍ക്കട്ട മെഡിക്കല്‍ കോളജില്‍ രോഗാവസ്ഥ തിരിച്ചറിഞ്ഞു. കണ്ണുകളുമായി ബന്ധപ്പെട്ടതല്ല ഇതിനു കാരണമെന്നാണ് ഇവിടെ കണ്ടെത്തിയത്. രോഗത്തിന്റെ പേര് സൈക്കോജെനിക് പര്‍പ്യൂറ. ശക്തമായ തലവേദന, മാനസിക പിരിമുറുക്കം എന്നിവയോടൊപ്പമാണ് കണ്ണുകളില്‍നിന്നു രക്തം വരുക. ഇത് വിശ്വസിക്കാന്‍ കുടുംബാംഗങ്ങള്‍ തയാറായില്ല. നേരേ വെല്ലൂരേക്ക് തിരിച്ചു. അവിടത്തെ കണ്ടെത്തലും ഇതുതന്നെയായിരുന്നു. നിരവധി ചികിത്സയ്ക്കു ശേഷം പ്രിയ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുകയാണ്.

സിവില്‍ എന്‍ജിനിയറായ പ്രിയയുടെ പിതാവിന് അടിക്കടിയുണ്ടായ സ്ഥലംമാറ്റമാകാം പ്രിയയുടെ മാനസിക പിരിമുറുക്കങ്ങള്‍ക്കു കാരണമെന്ന് മാതാവ് ടാന്ദ്ര പറഞ്ഞു.

1955ലാണ് സൈക്കോജെനിക് പര്‍പ്യൂറ എന്ന രോഗാവസ്ഥയെക്കുറിച്ച് ശാസ്ത്ര വിശകലനമുണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.

Related posts