ലയണല്‍ മെസിയെയും അര്‍ജന്റീനയെയും അഭിനന്ദിക്കുന്നത് ഇത്ര വലിയ തെറ്റാണോ? സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും കരുതിയില്ല അത്ര വലിയ പാതകമാകുമെന്ന്. എന്നാല്‍ കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍ അര്‍ജന്റീനയുടെ ജയത്തേക്കാള്‍ അമേരിക്കയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതാണ് ബേബിയെ ട്രോളാന്‍ ട്രോളേഴ്‌സിനെ പ്രേരിപ്പിച്ചത്.
ബേബിയുടെ പോസ്റ്റ് ഇങ്ങനെയാണ്: അമേരിക്കയെ പരാജയപ്പെടുത്തി കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന അര്‍ജന്റീനിയന്‍ ടീമിന് അഭിവാദ്യങ്ങള്‍. ഏത് രംഗത് ആയാലും അമേരിക്ക പരാജയ പ്പെടുന്നത് എന്നെ പോലെ ലോകത്ത് എവിടെയും ഉള്ള ഓരോ കമ്മ്യൂണിസ്റ്റുകാരനും ആവേശമാണ്.
ഈ കോപ്പ അമേരിക്കയുടെ താരമായി ഇതിനകം തന്നെ മെസി മാറി കഴിഞ്ഞു. എല്ലാവരും താരതമ്യപെടുത്തുന്ന മറ്റൊരു സൂപ്പര്‍ താരം ‘പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ’ ഫ്രാന്‍സില്‍ നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇത് വരെ ജയിക്കാന്‍ കഴിയാത്ത ടീമിന്റെ ഒരു ഗോളും അടിക്കാന്‍ പറ്റാത്ത ക്യാപ്റ്റന്‍ ആയി നിറം മങ്ങി നില്‍ക്കുകയാണ്.
ഫുട്‌ബോളില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ബേബിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മെസിയെ അഭിനന്ദിച്ചതിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിമര്‍ശിച്ചതാണ് റോണോ ഫാന്‍സിനെ പ്രകോപിപ്പിച്ചത്.