ചെങ്കുളം കുരിശിന്‍മൂട്ടിലെ മൈല്‍ക്കുറ്റി അപകടക്കെണിയാകുന്നു

KLM-MAILKUTTYആയൂര്‍: ഓയൂര്‍ കുരിശുംമൂട്ടിലെ മൈല്‍ക്കുറ്റി അപകടക്കെണിയാകുന്നു. കുറിശുംമുക്കില്‍ സ്ഥാപിച്ചിട്ടുള്ള ഹംബിന് സമീപമാണ് മൈല്‍ക്കുറ്റിയുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച മൈല്‍ക്കുറ്റിയില്‍ വിവിധ സ്ഥങ്ങളിലേക്കുള്ള ദൂരം രേഖപ്പെടുത്തിയിരുന്നെങ്കിലും ഇവ മാഞ്ഞുപോയിരിക്കുകയാണ്. മാത്രമല്ല ദൂരം വ്യക്തമാക്കുന്നതിനുള്ള പുതിയ ബോര്‍ഡുകള്‍ സമീപത്ത് സ്ഥാപിച്ചിട്ടുമുണ്ട്.

ഓയൂരില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കൊട്ടാരക്കരയിലേക്കും കൊട്ടിയത്തേക്കും പോകുന്നതിനായി കുരിശുംമൂട്ടില്‍ നിന്നാണ് തിരഞ്ഞുപോകുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് ഒഴിവാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ ഹംമ്പ് സ്ഥാപിച്ചത്. എന്നാല്‍ ഹംമ്പിന് സമീപം റോഡിലെ ടാറിംഗ് ചെയ്ത ഭാഗം പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയാണ്.

ടാറിംഗ് പോട്ടിപൊളിഞ്ഞതിനാല്‍ റോഡിന് വശത്തേക്കിറങ്ങി മൈല്‍ക്കുറ്റിയ്ക്ക് സമീപത്തുകൂടിയാണ് ഇരുചക്രവാഹനങ്ങളും ഓട്ടോ, കാര്‍ തുടങ്ങിയ ചെറിയ വാഹനങ്ങളും കടന്നുപോകുന്നത്. മൈല്‍കുറ്റിയോട് ചേര്‍ന്ന് പോകുന്നതിനാല്‍ ഇതില്‍തട്ടി വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാകുന്നതും പതിവാണ്. ചെറിയവാഹനങ്ങള്‍ക്കുപുറമെ കഴിഞ്ഞദിവസം ഒരു സ്വകാര്യ ബസും സര്‍വീസിനിടെ മൈല്‍ക്കുറ്റിയില്‍തട്ടി അപകടത്തില്‍പെട്ടിരുന്നു.

സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം വ്യക്തമാക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഇത്തരം മൈല്‍ക്കുറ്റികള്‍ മിക്കസ്ഥലങ്ങളിലും ഉപയോഗരഹിതമെന്നതിലുപരി അപകടക്കെണികളാണ്.  അപകടകരമായ രീതിയില്‍ റോഡരുകില്‍ സ്ഥാപിച്ചിട്ടുള്ള മൈല്‍കുറ്റി മാറ്റുന്നതിനും കുരിശിന്‍മൂട് ജംഗ്ഷനിലെ റോഡിന്റെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Related posts