ചെങ്ങന്നൂര്‍-തിരുവല്ല ഇരട്ടപാത ഏപ്രിലില്‍ തുറക്കും; സ്റ്റേഷന്‍ വികസനത്തിനു പദ്ധതികള്‍

ALP-RAILതിരുവല്ല: ചെങ്ങന്നൂര്‍-തിരുവല്ല റെയില്‍പ്പാത  ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാകും. നിലവില്‍ ഇരട്ടപ്പാത അവസാനിക്കുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തിരുവല്ല വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ഭാഗത്തെ ജോലികളാണ് അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്. ഇതോടൊപ്പം പിറവം റോഡ് മുതല്‍ കുറുപ്പുന്തറ വരെയുള്ള  13 കിലോമീറ്റര്‍  ഭാഗവും തുറന്ന് കൊടുക്കും. ഇതോടെ എറണാകുളം വരെയുള്ള യാത്രക്ക് അരമണിക്കൂര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദീര്‍ഘദൂര ട്രെയിനുകള്‍ക്കും ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനിനും കൂടുതല്‍ സ്റ്റോപ്പ് എന്ന ആവശ്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ച  പാലങ്ങളുടെ പണിയും ഇതില്‍ റെയില്‍പ്പാളം ഉറപ്പിക്കുന്ന ജോലികളുമാണ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. ടികെ റോഡിലെ മേല്‍പ്പാലത്തിന്റെ ജോലികള്‍ കൂടി അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. തിരുവല്ല റെയില്‍വേസ്റ്റേഷനില്‍ മൂന്നും നാലും പാളങ്ങളുടെ പണികള്‍ പൂര്‍ത്തിയായി. നിലവിലെ ഒന്നും രണ്ടും പാളങ്ങളിലെ പണികള്‍ അന്തിമ ഘട്ടത്തിലുമാണ്. 2015 മാര്‍ച്ചില്‍ ചെങ്ങന്നൂര്‍ മുതല്‍ തിരുവല്ല വരെയുള്ള പാത ഇരട്ടിപ്പിച്ച് കമ്മീഷന്‍ ചെയ്യാനാണ് റെയില്‍വേ പദ്ധതി തയാറാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍  വൈകിയത് തിരുവല്ല സ്റ്റേഷന്‍ വികസനത്തിന് തിരിച്ചടിയായി.

ചെങ്ങന്നൂര്‍ മുതല്‍ ചങ്ങനാശേരി വരെ ഒരു ഘട്ടമായി പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ തിരുവല്ല മുതല്‍ ചങ്ങനാശേരി വരെയുള്ള ഭാഗത്തെ ജോലികള്‍ പാതിവഴിയിലാണ്. സ്ഥലമേറ്റെടുക്കല്‍ ജോലി പോലും പൂര്‍ത്തിയായിട്ടില്ല. ഇക്കാരണത്താല്‍ തിരുവല്ല വരെ കമ്മീഷന്‍ ചെയ്യാനുള്ള തീരുമാനവുമായി റെയില്‍വേ മുന്നോട്ടുപോകുകയായിരുന്നു.   പുതിയ പാത കമ്മീഷന്‍ ചെയ്യുന്നതോടെ തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ അടിയന്തര വികസനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതായുണ്ട്. ഒന്ന്, രണ്ട് പാളങ്ങളുടെ പണികള്‍ ആരംഭിച്ചതോടെ തീവണ്ടികള്‍ മൂന്ന്, നാല് പാളങ്ങളിലൂടെ തിരിച്ചുവിടുകയും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാത്ത പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുകയുമാണ് ചെയ്തുവരുന്നത്.

തറനിരപ്പില്‍ സ്ഥിതി ചെയ്യുന്ന  നാലാം പ്ലാറ്റ്‌ഫോമില്‍ ഏറെ ബുദ്ധിമുട്ടിയാണ് യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. രണ്ട് പ്ലാറ്റ്‌ഫോമുകള്‍ക്കും റൂഫിംഗ് സൗകര്യം പോലുമില്ല. അടിയന്തരമായി രണ്ട് പ്ലാറ്റ്‌ഫോമുകളുടെ പണികള്‍ തിരുവല്ലയില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഏറെ പരാതികളുണ്ടായപ്പോഴാണ് നാലാം പ്ലാറ്റ്‌ഫോമിലേക്ക് റെയില്‍വേ കഴിഞ്ഞയിടെ മേല്‍പ്പാലം പൂര്‍ത്തീകരിച്ചത്.        യാത്രക്കാരുടെ തിരക്കേറെയുള്ള സ്റ്റേഷനില്‍ എക്‌സകലേറ്റര്‍ സ്ഥാപിക്കാന്‍ 1.9 കോടി രൂപ അനുവദിക്കാന്‍ കഴിഞ്ഞദിവസം എംപിമാരായ പ്രഫ.പി.ജെ. കുര്യനും ആന്റോ ആന്റണിയും ചേര്‍ന്ന് തീരുമാനിച്ചിരുന്നു. ഇരുവരുടെയും എംപി ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ വീതം പദ്ധതിക്കു ചെലവഴിക്കും.

പ്ലാറ്റ്‌ഫോം നവീകരണ ജോലികള്‍ക്ക് ആന്റോ ആന്റണി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു. സ്റ്റേഷന്‍ വികസനത്തിനു പണം ഒരു തടസമാകില്ലെന്ന് എംപി വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനും എംപി ഫണ്ടില്‍ നിന്നു തുക വകയിരുത്തിയിട്ടുണ്ട്.രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രൈവറ്റ് പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍ സ്കീമില്‍ പെടുത്തി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ 500 കോടിരൂപയുടെ വികസനപദ്ധതികള്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു.

ഐലന്‍ഡ് പ്ലാറ്റ് ഫോം, രണ്ട് മെയിന്‍ലൈ നുകള്‍, റെയ്ക്ക് കണ്‍ട്രോളിംഗ്പ്ലാറ്റ്‌ഫോം, രണ്ട് ഗുഡ്‌സ് ലൈനുകള്‍, പുതിയ പ്ലാറ്റ്‌ഫോമുകള്‍, ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പെടെ യുള്ള കെട്ടിടസമുച്ചയം, ബാക്ക് സൈഡ് പാര്‍ക്കിംഗ് ഏരിയ, അപ്രോച്ച് റോഡ്, യാത്രക്കാര്‍ക്ക് കൂടുതല്‍ വിശ്രമകേന്ദ്രം, വ്യാപാരശാലകള്‍, പുതിയ ശൗചാലയങ്ങ ള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ട് ഭാഗങ്ങളില്‍ കൂടിയും സ്റ്റേഷനുള്ളിലേക്ക് പ്രവേശനം സാധ്യമായതിനാല്‍ നാലാം പ്ലാറ്റ്‌ഫോം വികസനവും ടിക്കറ്റ് കൗണ്ടറും അടിയന്തരാവശ്യമായിരിക്കുകയാണ്.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിനാണ് തിരുവല്ലയില്‍ ഇനി പ്രധാനമായും സ്റ്റോപ്പ് അനുവദിക്കേണ്ടതുണ്ട്. എല്ലാ ജില്ലകളിലും ജനശതാബ്ദിക്ക് സ്റ്റോപ്പ് വേണമെന്ന ആവശ്യമാണുണ്ടായിരുന്നത്. ഇതനുസരിച്ച് സ്റ്റോപ്പുകള്‍ അനുവദിച്ചപ്പോഴും പത്തനംതിട്ട ജില്ല തഴയപ്പെട്ടു. സമീപ ജില്ലകളിലെ ഒന്നിലധികം സ്റ്റേഷനുകളില്‍ സ്റ്റോപ്പും നിലവിലുണ്ട്. ഇരട്ടപ്പാത വരുന്നതോടെ ട്രെയിന്‍ ക്രോസിംഗിനുവേണ്ടി കാത്തുകിടക്കേണ്ട സമയം കുറയും.   ഇത് കണക്കിലെടുത്ത് തിരുവല്ലയില്‍ സ്റ്റോപ്പ് വേണമെന്നാവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ യാത്രക്കാരെ സ്റ്റേഷനിലേക്ക് ആകര്‍ഷിക്കുന്നതിലേക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. തിരുവല്ല വരെ പെര്‍മിറ്റുള്ള ബസുകള്‍ സ്റ്റേഷനില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം.

Related posts